Friday, January 9, 2026

സേതുരാമയ്യരിന്റെ അഞ്ചാം വരവ് ഗംഭീരം; ചിത്രത്തിന്റെ പേര് പുറത്തുവിട്ട് അണിയറപ്രവർത്തകർ

പ്രേക്ഷകർ ഒന്നടങ്കം കാത്തിരിക്കുന്ന സേതുരാമയ്യർ സിനിമാ പരമ്പരയിലെ അഞ്ചാം ഭാഗത്തിൻ്റെ പേര് പുറത്തുവിട്ട് അണിയറ പ്രവർത്തകർ. ‘സിബിഐ 5 ദി ബ്രെയിൻ’ എന്നാണ് ചിത്രത്തിന്റെ പേര്.

32 വർഷങ്ങൾക്കു മുൻപ് 1988 ൽ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെ ആരംഭിച്ച സിനിമാ പരമ്പര മമ്മൂട്ടിയുടെ കരിയറിലും മലയാള സിനിമയിലും ശ്രദ്ധേയമായ സ്വാധീനമാണ് ചെലുത്തിയത്.

ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ എന്നീ സിനിമകളാണ് ഇതുവരെ പരമ്പരയിൽ പുറത്തിറങ്ങിയത്. ഈ സിനിമയോടെ സേതുരാമയ്യർ സിബിഐ പരമ്പര അവസാനിക്കുമെന്നും സൂചനയുണ്ട്.

തൻ്റെ സോഷ്യൽമീഡിയ അക്കൗണ്ടുകളിലൂടെ മമ്മൂട്ടി തന്നെ ടൈറ്റിൽ റിവീൽ മോഷൻ പോസ്റ്റർ പങ്കുവച്ചു. ബാസ്കറ്റ് കില്ലിംഗ് എന്ന ഏറെ സുപരിചിതമല്ലാത്ത കൊലപാതക രീതിയാണ് സിബിഐ അഞ്ചാം ഭാഗം പറയുന്നത്. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്.

ചിത്രം സംവിധാനം ചെയ്യുന്നത് കെ മധു തന്നെയാണ്. സ്വർഗചിത്രയാണ് ചിത്രത്തിന്റെ നിർമ്മാണം. അഖിൽ ജോർജ് ആണ് ക്യാമറ. ശ്രീകർ പ്രസാദ് എഡിറ്റിംഗും ജേക്സ് ബിജോയ് മ്യൂസിക്കും നിർവഹിക്കും.

അതേസമയം മുൻ സേതുരാമയ്യർ സിനിമകളിലെ താരങ്ങളിൽ മമ്മൂട്ടി ഒഴികെ മറ്റ് താരങ്ങളൊന്നും ഈ സിനിമയിൽ ഉണ്ടാവില്ലെന്ന് നേരത്തെ ചില റിപ്പോർട്ടുകൾ ഉണ്ടായിരുന്നു.

എന്നാൽ, പുതിയ റിപ്പോർട്ടുകൾ പ്രകാരം ചില സുപ്രധാന താരങ്ങൾ ഈ സിനിമയിലും ഉണ്ടാവുമെന്നാണ് വിവരം. ജഗതി ശ്രീകുമാർ, മുകേഷ്, സായ് കുമാർ, ആശാ ശരത്, സൗബിൻ ഷാഹിർ, കനിഹ തുടങ്ങി വമ്പർ താരനിരയാണ് ചിത്രത്തിൽ അണിനിരക്കുന്നത്

Related Articles

Latest Articles