Friday, May 17, 2024
spot_img

പിണറായി ഇത് കാണുന്നുണ്ടാകണം- സേവാഭാരതി ദേശമംഗലത്ത് നിര്‍മിക്കുന്നത് ഒരു ഗ്രാമം

തൃശൂര്‍: ഒരു വീടല്ല, ഒരു ഗ്രാമം തന്നെയാണ് ഇവിടെ സേവാഭാരതി നിര്‍മിച്ചു നല്‍കുന്നത്, തൃശൂര്‍ ചേലക്കര മണ്ഡലത്തിലെ ദേശമംഗലം പഞ്ചായത്തില്‍ കൊറ്റമ്പത്തൂരില്‍. പ്രളയത്തില്‍ ഇവിടെയുണ്ടായിരുന്ന 17 കുടുംബങ്ങള്‍ക്കാണ് വീട് നഷ്ടമായത്. ഭൂമി അപ്പാടെ ഒലിച്ചുപോയി വാസയോഗ്യമല്ലാതായി. വീടും പുരയിടവും നഷ്ടപ്പെട്ട ഇവര്‍ക്ക് സ്വന്തമായി ഭൂമിയും അതില്‍ വീടും നിര്‍മിച്ച് നല്‍കുകയാണ് സേവാഭാരതി.

നഷ്ടപ്പെട്ട സ്ഥലത്തിന്‍റെ തൊട്ടടുത്തു തന്നെ മുഴുവന്‍ കുടുംബങ്ങളേയും അവരുടെ ഇതുവരെയുള്ള ജീവിതത്തിന് ഭംഗം വരാത്ത വിധത്തിലാണ് പുനരധിവസിപ്പിക്കുന്നത്. ഇതിന് 70 സെന്‍റോളം ഭൂമി വാങ്ങി ഓരോ കുടുംബത്തിനും നാല് സെന്‍റ് ഭൂമി വീതം കുടുംബനാഥന്റെ പേരില്‍ രജിസ്റ്റര്‍ ചെയ്ത് ആധാരം കൈമാറി. ഇവിടെ നിര്‍മിക്കുന്ന 17 വീടുകളില്‍ 14 എണ്ണത്തിന്റെ കട്ടിളവെപ്പ് കഴിഞ്ഞ ദിവസം നടന്നു. ബാക്കി മൂന്നെണ്ണത്തിന്റെ പണികള്‍ ഉടന്‍ ആരംഭിക്കും.

ഒരു വീടിന് ഏഴ് ലക്ഷം രൂപയാണ് സേവാഭാരതി നല്‍കുന്നത്. വീടിന്‍റെ പ്ലാനും മറ്റു കാര്യങ്ങളും വീട്ടുടമസ്ഥരുടെ ഇഷ്ടമനുസരിച്ചാണ് ചെയ്യുന്നത്. ഓരോ വീടിനും ആവശ്യമുള്ള തുക ജില്ലയിലെ രാഷ്ട്രസേവാ സമിതി ട്രസ്റ്റിനാണ് സേവാഭാരതി കൈമാറുന്നത്. വീട് നിര്‍മിച്ചു കൊടുക്കുന്ന പ്രദേശത്ത് രൂപീകരിക്കുന്ന പ്രാദേശിക സമിതികള്‍ക്ക് ഈ തുക രാഷ്ട്രസേവാ സമിതി കൈമാറും. പ്രാദേശിക സമിതി പ്രവര്‍ത്തകര്‍ വീട്ടുടമസ്ഥനുമായി ആലോചിച്ച് വീടിന്‍റെ രൂപകല്‍പ്പനയും കരാറുകാരനേയും നിശ്ചയിക്കും. ഓരോരുത്തര്‍ക്കും അവരവരുടെ താല്‍പ്പര്യങ്ങള്‍ക്കനുസരിച്ചുള്ള വീടുകള്‍ നിര്‍മിക്കാനുള്ള അവസരമാണ് ഇതുവഴി സേവാഭാരതി നല്‍കുന്നത്.

വീട് നഷ്ടമായ 58 കുടുംബങ്ങള്‍ക്കാണ് തൃശൂര്‍ ജില്ലയില്‍ സേവാഭാരതി വീട് നിര്‍മിച്ചു നല്‍കുന്നത്. ഇതില്‍ ആറെണ്ണത്തിന്‍റെ പണി പൂര്‍ത്തിയാകുന്നു. സംസ്ഥാന സേവാഭാരതിയുടെ നേരിട്ടുള്ള മേല്‍നോട്ടത്തില്‍ നിര്‍മിക്കുന്ന 39 വീടുകള്‍ക്ക് പുറമെ ജില്ലയില്‍ പല സ്ഥലങ്ങളിലും ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ പ്രാദേശികമായി രൂപീകരിച്ച സമിതികള്‍ നേരിട്ടും പത്തിലേറെ വീടുകള്‍ നിര്‍മിച്ചു നല്‍കുന്നുണ്ട്.

Related Articles

Latest Articles