Sunday, June 16, 2024
spot_img

ലൈംഗികത്തൊഴിൽ കുറ്റകരമല്ല; നിർണ്ണായക നിരീക്ഷണവുമായി മുംബൈ സെഷൻസ് കോടതി

മുംബൈ : ലൈംഗികത്തൊഴിൽ കുറ്റകരമല്ലെന്ന നിർണ്ണായക നിരീക്ഷണവുമായി മുംബൈ സെഷൻസ് കോടതി. റെയ്ഡിൽ പിടിയിലായതിനെത്തുടർന്ന് ഷെൽട്ടർ ഹോമിൽ താമസിപ്പിച്ചിരുന്ന ലൈംഗിക തൊഴിലാളിയായ 34 വയസുകാരിയെ സ്വതന്ത്രയാക്കാൻ നിർദേശിച്ചുള്ള ഉത്തരവിലാണ് മുംബൈ സെഷൻസ് കോടതിഇക്കാര്യം വ്യക്തമാക്കിയത്.

പൊതുസ്ഥലത്ത് ലൈംഗികത്തൊഴിലിൽ ഏർപ്പെട്ടുകൊണ്ട് ഒരാൾ മറ്റുള്ളവർക്കു ശല്യം സൃഷ്ടിക്കുമ്പോഴാണ് കുറ്റകരമാകുന്നതെന്നും കോടതി നിരീക്ഷിച്ചു. പൊലീസ് റെയ്‌ഡിൽ പിടികൂടിയ യുവതിയെ ഷെൽട്ടർ ഹോമിൽ ഒരു വർഷത്തോളം സംരക്ഷിക്കണമെന്ന മജിസ്ട്രേറ്റ് കോടതി ഉത്തരവിട്ടതിനെതിരെ നൽകിയ ഹർജി പരിഗണിക്കുകയായിരുന്നു മുംബൈ സെഷൻസ് കോടതി മുളുന്ദിൽ ഫെബ്രുവരിയിൽ നടന്ന റെയ്ഡിലാണ് യുവതിയെ കസ്റ്റഡിയിൽ എടുത്തത്.

‘‘അവർ മുതിർന്നയാളാണ്. അകാരണമായാണ് തടവിലാക്കിയതെങ്കിൽ അവകാശം ഹനിക്കപ്പെട്ടെന്നു പറയേണ്ടി വരും. പൊതുസ്ഥലത്തു ലൈംഗികത്തൊഴിൽ ചെയ്തതായി പൊലീസ് റിപ്പോർട്ടിൽ പറയുന്നില്ല. യുവതിക്ക് എവിടെയും പോകാനുള്ള സ്വാതന്ത്ര്യമുണ്ട്’’– കോടതി പറഞ്ഞു. യുവതിയെ സ്വതന്ത്രയാക്കിയാൽ വീണ്ടും ലൈംഗിക തൊഴിലിൽ ഏർപ്പെട്ടേക്കുമെന്നു സർക്കാർ വാദിച്ചെങ്കിലും കോടതി അംഗീകരിച്ചില്ല.

യുവതിക്ക് രണ്ടു മക്കളുണ്ടെന്നും കുട്ടികൾക്ക് അമ്മയെ ആവശ്യമുണ്ടെന്നും ഷെൽട്ടർ ഹോമിൽ തടങ്കലിൽ വയ്ക്കുന്നത് അവകാശ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. അതെസമയം താൻ അസാന്മാർഗികമായി ഒന്നും ചെയ്തില്ലെന്നാണ് യുവതി വാദിച്ചത്. തന്റെ ഭാഗം കേൾക്കാതെ യാന്ത്രികമായാണു മജിസ്ട്രേറ്റ് കോടതി വിധി പറഞ്ഞത്. ഇന്ത്യൻ പൗര എന്നനിലയിൽ രാജ്യത്തെവിടെയും സഞ്ചരിക്കാൻ ഭരണഘടന അവകാശം തരുന്നുണ്ടെന്നും യുവതി പറഞ്ഞു.

Related Articles

Latest Articles