Thursday, January 8, 2026

അയ്യപ്പനിന്ദയുമായി എസ് എഫ്‌ ഐയുടെ കോളേജ് മാഗസിന്‍; പ്രതിഷേധമുയര്‍ന്നതോടെ പിന്‍വലിച്ചു

മലപ്പുറം: കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ വിദ്യാര്‍ത്ഥി യൂണിയന്‍ പുറത്തിറക്കിയ മാഗസിന്‍ ശബരിമല അയ്യപ്പനെയും, മകരജ്യോതിയേയും അപമാനിക്കുന്നതെന്ന് ആരോപണം. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയെയും പ്രധാനമന്ത്രി നരേന്ദ്രമോദിയെയും അവഹേളിച്ച് പുറത്തിറക്കിയ മാഗസിനാണ് വിവാദത്തില്‍ പെട്ടത്. പ്രതിഷേധം ശക്തമായതിന് പിറകെ മാഗസിന്‍ അധികൃതര്‍ പിന്‍വലിച്ചിട്ടുണ്ട്.

മാഗസിന്‍റെ കോപ്പികള്‍ വിതരണം ചെയ്യരുതെന്ന് നിര്‍ദേശിച്ചതായും അന്വേഷണത്തിന് സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചതായും റജിസ്ട്രാര്‍ ഡോ സി എല്‍. ജോഷി അറിയിച്ചു. മാഗസിന്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് എ. ബി വി പി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സര്‍വകലാശാലയിലേക്ക് മാര്‍ച്ച് നടത്തിയിരുന്നു. ബി ജെ പി അനുകൂല എംപ്ലോയീസ് സെന്‍റര്‍ പ്രവര്‍ത്തകരും, ബിജെപി വള്ളിക്കുന്ന് നിയോജകമണ്ഡലം കമ്മിറ്റിയും ഹിന്ദു ഐക്യവേദിയും മാഗസിന് എതിരെ രംഗത്ത് വന്നിരുന്നു.

കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയിലെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ ഉള്ള ഡിപ്പാര്‍ട്‌മെന്‍റല്‍ല്‍ സ്റ്റുഡന്‍സ് യൂണിയനാണ് മാഗസിന്‍ പുറത്തിറക്കിയത്. പോസ്റ്റ് ട്രൂത്ത് എന്ന പേരില്‍ ഇറക്കിയ മാഗസിനില്‍ നിറഞ്ഞു നില്‍ക്കുന്നത് മുഴുവന്‍ രാജ്യ വിരുദ്ധ കവിതകളും കഥകളുമാണെന്ന് ആരോപണമുണ്ട്. പെണ്ണിന്‍റെ ചൂട് അറിയാന്‍ മാനം നോക്കി നില്‍ക്കുന്ന ബോയ്‌സ് സ്‌കൂളിലെ പയ്യന്‍മാരുടെ അവസ്ഥയാണ് അയ്യപ്പനെന്ന തരത്തിലാണ് മറ്റൊരു കവിത. ഭക്തരുടെ മനസ്സിനെ മുറിവേല്‍പ്പിക്കുന്ന തരത്തിലുള്ള അയ്യപ്പന്‍റെ ഒരു ചിത്രവും ഇതിനോടൊപ്പം പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഭക്തര്‍ വളരെ പവിത്രമായി കാണുന്ന മകരജ്യോതിയെയും മാഗസിന്‍ അവഹേളിക്കുന്നുണ്ടെന്ന് വിദ്യാര്‍ത്ഥികള്‍ ചൂണ്ടിക്കാട്ടി.

മാഗസിനില്‍ പ്രസിദ്ധീകരിച്ച മൂടുപടം എന്ന കവിത ഇസ്‌ലാം മതത്തെ അപമാനിക്കുന്നുവെന്ന ആരോപണവുമായി എം എസ് എഫും രംഗത്തെത്തി. പര്‍ദ്ദ ധരിക്കുന്ന സ്ത്രീകളേയും ഇസ്‌ലാമിലെ സ്വര്‍ഗ നരക വിശ്വാസങ്ങളേയും നിന്ദ്യമായ ഭാഷയില്‍ അവഹേളിക്കുന്നതാണ് മൂടുപടമെന്ന കവിതയെന്നാണ് ആരോപണം.

Related Articles

Latest Articles