ശബരിമല: ഭക്തിനിർഭരമായ, ഇത്തവണത്തെ നിറപുത്തരി പൂജയ്ക്കായി ശബരിമല ധർമ്മശാസ്താ ക്ഷേത്രനട നാളെ വൈകുന്നേരം 5 മണിക്ക് തുറക്കും.ക്ഷേത്രതന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ മേൽശാന്തി വി. എൻ.വാസുദേവൻ നമ്പൂതിരി ക്ഷേത്ര ശ്രീകോവിൽ നട തുറന്ന് അയ്യപ്പനു മുന്നിലെ ദീപങ്ങൾ തെളിക്കും.
തുടർന്ന് ഉപദേവതകളുടെ ക്ഷേത്രനട കളും തുറന്ന് വിളക്ക് തെളിക്കും. പൊന്നും പതിനെട്ടാം പടിക്ക് മുന്നിലായുള്ള ആഴിയിൽ മേൽശാന്തി അഗ്നി പകർന്ന ശേഷമായിരിക്കും ഇരുമുടി കെട്ടുമേന്തി ശരണം വിളികളുമായി, പതിനെട്ടാം പടി കയറാൻ കാത്തു നിൽക്കുന്ന അയ്യപ്പഭക്തരെ പടി കയറി അയ്യപ്പദർശനത്തിനായി അനുവദിക്കുക. നിറപ്പുത്തരി പൂജയ്ക്കുള്ള നെൽ കറ്റകൾ തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ഉടമസ്ഥതയിൽ അച്ചൻകോവിലിനു സമീപമുള്ള വയലിൽ നിന്നാണ് കൊണ്ടുവരിക.
ഭക്തി ആചാര പൂർവ്വം ഘോഷയാത്രയായിട്ടാണ് നെൽക്കറ്റകൾ ശബരിമലയിൽ എത്തിക്കുക. രാത്രിയോടെ അയ്യപ്പസന്നിധിയിലെത്തിക്കുന്ന നെൽക്കറ്റകൾ മേൽശാന്തി ഏറ്റുവാങ്ങി ശ്രീകോവിലിനുള്ളിലേക്ക് പൂജകൾക്കായി കൊണ്ടു പോകും. മറ്റന്നാൾ രാവിലെ 5.45 മണിക്ക് മേൽ 6.15 മണിക്കകമുള്ള ശുഭ മുഹൂർത്തത്തിൽ കലിയുഗവരദസന്നിധിയിൽ നിറപുത്തരി പൂജ നടക്കും. തുടർന്ന് ഭക്തർക്ക് ശ്രീകോവിലിൽ പൂജിച്ച സ്വർണ്ണവർണ്ണ നെൽക്കതിരുകൾ പ്രസാദമായി വിതരണം ചെയ്യും.
പതിവ് പൂജകൾക്കും നെയ്യഭിഷേകത്തിനും ശേഷം ഉച്ചക്ക് 1 മണിക്ക് നട അടയ്ക്കും.വൈകിട്ട് 5ന് നട തുറക്കൽ. 6.30ന് ദീപാരാധന.7 ന് പടിപൂജ.8 മണി മുതൽ പുഷ്പാഭിഷേകം. 9.30 ന് അത്താഴപൂജ കഴിഞ്ഞ് ഹരിവരാസനം പാടി 10 മണിക്ക് പൊന്നമ്പലത്തിൻ ശ്രീകോവിൽ നട അടയ്ക്കും. ചിങ്ങമാസ പൂജകൾക്കായി ഓഗസ്ത് 16ന് വൈകുന്നേരം 5 മണിക്ക് ക്ഷേത്രനട തുറക്കും.മാസ പൂജ സമയത്ത് അയ്യപ്പഭക്തരുമായി വരുന്ന സ്വകാര്യ വാഹനങ്ങൾക്ക് പമ്പയിലേക്ക് പ്രവേശനം അനുവദിച്ചതോടെ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള അയ്യപ്പഭക്തരുടെ തിരക്ക് ഏറിയിട്ടുണ്ട്.

