Thursday, December 18, 2025

പൂരം കൊടിയേറി മക്കളെ…! തീയറ്ററുകൾ ഇളക്കിമറിക്കാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു; ‘ആട് 3’ പ്രഖ്യാപിച്ചു

മലയാളികൾ ഒന്നടങ്കം കാത്തിരുന്ന ആ പ്രഖ്യാപനം വന്നു കഴിഞ്ഞു. കേരളക്കരയിലെ തീയറ്ററുകളിൽ മറ്റൊരു ഉത്സവകാലം കൊണ്ടാടാൻ ഷാജി പാപ്പനും പിള്ളേരും വീണ്ടും വരുന്നു. ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രം ആടിന്റെ മൂന്നാം ഭാ​ഗം വരുന്നുവെന്ന് അറിയിച്ചിരിക്കുകയാണ് അണിയറ പ്രവർത്തകർ. ഒപ്പം ഓഫീഷ്യൽ പോസ്റ്ററും അണിയറ പ്രവർത്തകർ പുറത്തിറക്കിയിട്ടുണ്ട്. വിജയ് ബാബു ആണ് ചിത്രം നിർമ്മിക്കുന്നത്.

ഫ്രൈഡേ ഫിലിംസ് നിർമ്മിച്ച് മിഥുൻ മാനുവൽ തോമസ് സംവിധാനം ചെയ്ത ‘ആട് ഒരു ഭീകര ജീവിയാണ്’ ആയിരുന്നു ആട് സീരിസിലെ ഒന്നാം ഭാഗം. എന്നാൽ ആദ്യ ഭാഗത്തിന് തീയേറ്ററുകളിൽ അത്ര വലിയ പ്രതികരണം ആയിരുന്നില്ല ലഭിച്ചിരുന്നത്. എന്നാൽ പിന്നീട് ചിത്രം സമൂഹമാദ്ധ്യമങ്ങളിലൂടെ വളരെയധികം ശ്രദ്ധിക്കപ്പെട്ടു. സമൂഹമാദ്ധ്യമങ്ങളിൽ നിന്നും ലഭിച്ച വലിയ സ്വീകാര്യതയെ തുടർന്നാണ് നിർമ്മാതാവ് വിജയ് ബാബു ആട് രണ്ടാം ഭാഗം നിർമ്മിക്കുന്നത്. തിയേറ്ററുകളെ ഇളക്കിമറിച്ച ആട് രണ്ടിന് മികച്ച സ്വീകാര്യതയാണ് കേരളത്തിൽ നിന്നും ലഭിച്ചത്.

ആട് രണ്ടാം ഭാഗത്തിന്റെ വിജയത്തെ തുടർന്ന് ചിത്രത്തിന് മൂന്നാം ഭാഗവും ഉണ്ടാകുമെന്ന് നിർമ്മാതാവും സംവിധായകനും വ്യക്തമാക്കിയിരുന്നു. ഇപ്പോഴിതാ ആട് മൂന്ന് ഉടൻ തന്നെ ഉണ്ടാകും എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. നടൻ ജയസൂര്യ, നിർമ്മാതാവ് വിജയ് ബാബു, സംവിധായകൻ മിഥുൻ മാനുവൽ തോമസ് തുടങ്ങിയവർ സമൂഹമാദ്ധ്യമങ്ങളിലൂടെ ആട് മൂന്നാം ഭാഗത്തിന്റെ സർപ്രൈസ് പോസ്റ്റർ പങ്കുവെച്ചിട്ടുണ്ട്. മൂവരും ഓരോ ആടിനെ തോളിലും കൈകളിലുമെടുത്ത് നിൽക്കുന്ന പോസ്റ്ററാണ് പങ്കുവെച്ചിട്ടുള്ളത്.

Related Articles

Latest Articles