Wednesday, May 15, 2024
spot_img

ലഹളയില്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം പ്രാപിച്ച ഒരു ലക്ഷത്തോളം ഹിന്ദുക്കളും അപ്പോള്‍ ജന്മികള്‍ ആയിരുന്നോ? ശങ്കു ടി ദാസ്

വാരിയം കുന്നന്റെ നേതൃത്വത്തിലുള്ള സമരക്കാര്‍ നിര്‍ബന്ധിത മതപരിവര്‍ത്തനം നടത്തിയതിന്റെയും സ്ത്രീകളെ പിടിച്ചുകൊണ്ടുപോയി ബലാത്സംഗം ചെയ്തതിന്റെയും തെളിവുകള്‍ നിരത്തി ശങ്കു ടി ദാസ് രംഗത്ത്. ഫേസ്ബുക് പോസ്റ്റിലൂടെയാണ് അദേഹത്തിന്റെ പ്രതികരണം.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം:

1921ല്‍ ഏറനാട് താലൂക്കിലെ ഹിന്ദു ജനസംഖ്യ എന്നത് 1,63,328 പേര്‍ മാത്രമാണ്. ഒരു ലക്ഷത്തിലേറെ ആളുകള്‍ അഭയാര്‍ത്ഥികള്‍ ആയി എന്ന് ആനി ബസന്റ് തന്നെ എഴുതിയിട്ടുമുണ്ട്. ‘മാപ്പിള ലഹള ബ്രിട്ടീഷുകാര്‍ക്ക് എതിരെ ആയിരുന്നു, അവരെ സഹായിച്ചിരുന്ന ചില ജന്മികള്‍ കൂടി അതില്‍ ബാധിക്കപ്പെട്ടു എന്നേയുള്ളൂ’ എന്നിപ്പോള്‍ മുഖ്യമന്ത്രി വരെ പറയുന്നു.

എനിക്ക് മനസിലാവാത്ത കാര്യം ഇതാണ്. ലഹളയില്‍ എല്ലാം നഷ്ടപ്പെട്ടു ദുരിതാശ്വാസ ക്യാമ്ബുകളില്‍ അഭയം പ്രാപിച്ച ഒരു ലക്ഷത്തോളം ഹിന്ദുക്കളും അപ്പോള്‍ ജന്മികള്‍ ആയിരുന്നോ? ഏറനാട്ടിലെ ആകെ ജന്മിമാരുടെ എണ്ണം പരമാവധി അഞ്ഞൂറ് ആയിരിക്കണം. അവരുടെ കുടുംബാംഗങ്ങളെയും ചേര്‍ത്താല്‍ മൂവായിരം എന്നെടുക്കാം. എന്നാല്‍ പതിനായിരം പേരാണ് മാപ്പിള ലഹളയില്‍ കൊല്ലപ്പെട്ടത്. ഈ മനുഷ്യരൊക്കെ ജന്മികള്‍ ആയിരുന്നോ?

‘ഒരമ്ബലം പോലും ഇല്ലാത്ത ഗ്രാമങ്ങള്‍ ഇല്ലായിരുന്നു. മിക്കയിടത്തും ഒരു അമ്ബലത്തില്‍ കൂടുതലും ഉണ്ടായിരുന്നു. ലഹള പടര്‍ന്ന ഇടങ്ങളില്‍ ഉണ്ടായിരുന്ന സര്‍വ്വ അമ്ബലങ്ങളും ബാക്കി വക്കാതെ തകര്‍ക്കപ്പെട്ടു.’ എന്നാണ് സി. ഗോപാലന്‍ നായര്‍ എഴുതിയിട്ടുള്ളത്. ഈ ക്ഷേത്രങ്ങളിലെ മൂര്‍ത്തികള്‍ എല്ലാം ജന്മികള്‍ ആയിരുന്നോ? രണ്ടായിരത്തഞ്ഞൂറില്‍ കുറയാതെ ആളുകള്‍ നിര്‍ബന്ധിത മത പരിവര്‍ത്തനത്തിന് വിധേയരായി എന്ന് റോളണ്ട് ഇ മില്ലര്‍ എഴുതുന്നു. എന്നാല്‍ യഥാര്‍ത്ഥ സംഖ്യ അയ്യായിരത്തിന് മേലെ ആയിരുന്നു എന്ന് ആര്യ സമാജത്തിന്റേത് ഉള്‍പ്പെടെയുള്ള രേഖകള്‍ തെളിയുക്കുന്നുണ്ട്.

കോഴിക്കോടും പൊന്നാനിയും സ്ഥാപിച്ച ആര്യ സമാജം ഓഫീസുകള്‍ വഴിയും സാമൂതിരി നേതൃത്വം നല്‍കിയ വാദ്ധ്യാന്മാരുടെ സഭ വഴിയും മൂവായിരത്തില്‍ ഏറെ മതം മാറ്റപ്പെട്ടവരെ ധര്‍മ്മത്തിലേക്ക് തിരിച്ചു കൊണ്ട് വന്നു.
ഇതില്‍ ഭൂരിപക്ഷം പേരും അവര്‍ണ്ണ വിഭാഗങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ ആയിരുന്നു. ജന്മി വിരുദ്ധ കലാപത്തില്‍ ഇവരെ എന്തിനാണ് നിര്‍ബന്ധമായി മതം മാറ്റിയത്? ആയിരക്കണക്കിന് സ്ത്രീകളെ ലഹളക്കാര്‍ പിടിച്ചു കൊണ്ട് പോവുകയും ബലാത്സംഗം ചെയ്യുകയുമുണ്ടായി. ബലാത്സംഗം ഏത് നിലയിലാണ് ജന്മിത്ത വിരുദ്ധ കര്‍ഷക പ്രക്ഷോഭത്തിന്റെ ഒരു മുറയാകുന്നത്?

ആലി മുസ്‌ലിയാരെ ആണ് ലഹളക്കാര്‍ ആദ്യം ഖിലാഫത് രാജ്യത്തിന്റെ സുല്‍ത്താന്‍ ആയി വാഴിക്കുന്നത്. ആലി മുസ്ലിയാര്‍ കര്‍ഷകനോ കുടിയാനോ ആയിരുന്നില്ല. തിരൂരങ്ങാടി പള്ളിയുടെ ഖാതിബ് ആയിരുന്നു.
മുസ്ലിം ആത്മീയ നേതാവായിരുന്നു. വാരിയംകുന്നത് കുഞ്ഞഹമ്മദ് ഹാജിയും കര്‍ഷകന്‍ ആയിരുന്നില്ല. ഏക്കറ് കണക്കിന് ഭൂമിയും സ്വന്തമായി പോത്ത് വണ്ടികളും ഉള്ള പാറവെട്ടി കുടുംബത്തിലെ അംഗമായിരുന്നു.

ലഹളത്തലവന്മാര്‍ ആയ ചെമ്ബ്രശ്ശേരി തങ്ങളും അബൂബക്കര്‍ മുസ്ലിയാരും മൊയ്തു മൗലവിയും കൊന്നാറ തങ്ങളും ഒന്നും കര്‍ഷകര്‍ ആയിരുന്നില്ല. ഇസ്ലാമിക മത പണ്ഡിതന്മാരും ആത്മീയ നേതാക്കളുമായിരുന്നു.
മാപ്പിള ലഹള ജന്മി വിരുദ്ധ കര്‍ഷക കലാപം ആയിരുന്നെങ്കില്‍ അതിന്റെ ഒരൊറ്റ നേതാവ് പോലുമെന്താണ് കര്‍ഷകര്‍ക്കിടയില്‍ നിന്ന് ഉണ്ടാവാത്തത്?

ലഹളയാല്‍ ബാധിക്കപ്പെട്ടത് ഏതാനും ജന്മികളോ സവര്‍ണ്ണരോ മാത്രമല്ല. ലഹള സ്ഥലത്തെ മുഴുവന്‍ ഹിന്ദുക്കളുമാണ്. 1921ല്‍ മലബാറില്‍ ജീവിച്ചിരുന്ന ഹിന്ദുക്കള്‍ മുഴുവന്‍ ബ്രിട്ടീഷ് അനുകൂലികളും ചൂഷകരും കൊല്ലപ്പെടേണ്ടവരും ആയിരുന്നെന്നാണോ നിങ്ങള്‍ പറയുന്നത്?

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles