Monday, May 20, 2024
spot_img

സംസ്ഥാനത്ത് വീണ്ടും ഷവർമ്മ വേട്ട, 173 സ്ഥാപനങ്ങളിലെ വിൽപ്പന തടഞ്ഞു,മാനദണ്ഡം ലംഘിക്കുന്നവർക്ക് 10 ലക്ഷം രൂപവരെ പിഴ

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും ഷവർമ്മ വേട്ട. രുചികരമായി നാം വാങ്ങി കഴിക്കുന്ന ഷവർമ്മ ശുചിയായതാണോ അല്ലയോ എന്ന് ഉപഭോക്താക്കൾക്ക് എങ്ങനെ മനസിലാകും. ഭക്ഷ്യ സുരക്ഷാ വകുപ്പിന് വ്യാപകമായി പരാതികൾ ലഭിച്ചതോടെ സംസ്ഥാന വ്യാപകമായി ഷവർമ്മ വിൽപ്പന കേന്ദ്രങ്ങളിൽ പരിശോധനകൾ നടത്തി. ഇതിൽ ഒട്ടും വൃത്തിയില്ലാത്ത രീതിയിലും ഷവർമ്മ പാചകം ചെയ്യുന്നതിലെ മാനദണ്ഡങ്ങൾ പാലിക്കാതെയും നടത്തിയ 173 സ്ഥാപനങ്ങളിലെ ഷവർമ്മ വിൽപ്പന നിർത്തിവയ്പ്പിച്ചു. 178 സ്ഥാപനങ്ങള്‍ക്ക് അപാകത മാറ്റൽ നോട്ടീസും 308 സ്ഥാപനങ്ങള്‍ക്ക് കോമ്പൗണ്ടിംഗ് നോട്ടീസും നല്‍കി. മയണൈസ് തയാറാക്കുന്നതിലെ മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയ 146 സ്ഥാപനങ്ങള്‍ക്കെരെയും നടപടിയെടുത്തു.

    ഭക്ഷ്യ സുരക്ഷാ വകുപ്പിൻ്റെ നേതൃത്വത്തിലാണ് പരിശോധനകൾ നടന്നത്. ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരുക്കങ്ങള്‍ നടത്തുന്നയിടവും പാകം ചെയ്യുന്ന ഇടവും വൃത്തിയുള്ളതാണെന്ന് ഉറപ്പാക്കണം. കാറ്റും പൊടിയും കയറുന്ന രീതിയില്‍ തുറന്ന സ്ഥലങ്ങളില്‍ ഷവര്‍മ കോണുകള്‍ വയ്ക്കാന്‍ പാടില്ല. ഷവര്‍മ തയാറാക്കാന്‍ ഉപയോഗിക്കുന്ന ഫ്രീസറുകള്‍ (18 ഡിഗ്രി സെല്‍ഷ്യസ്) ചില്ലറുകള്‍ (4 ഡിഗ്രി സെല്‍ഷ്യസ്) എന്നിവ കൃത്യമായ ഊഷ്മാവില്‍ വേണം പ്രവര്‍ത്തിക്കാന്‍. ഇതിനായി ടെമ്പറേച്ചര്‍ മോണിറ്ററിംഗ് റെക്കോര്‍ഡ്‌സ് കടകളില്‍ സൂക്ഷിക്കണം. ഭക്ഷണം കൈകാര്യം ചെയ്യുന്നവര്‍ കൃത്യമായും വ്യക്തിശുചിത്വം പാലിക്കുകയും മെഡിക്കല്‍ ഫിറ്റ്‌നസ്സ് സര്‍ട്ടിഫിക്കറ്റ് നേടുകയും വേണം. എന്നാൽ, ഇതൊന്നും പാലിക്കാത്ത കടകൾക്കാണ് നോട്ടിസ് നൽകിയത്. 

   ഷവര്‍മ്മയ്ക്ക് ഉപയോഗിക്കുന്ന ബ്രഡ്, കുബ്ബൂസ് എന്നിവ വാങ്ങുമ്പോള്‍ ലേബലില്‍ പറയുന്ന മാനദണ്ഡങ്ങള്‍ പാലിക്കുന്നതായിരിക്കണം. ഷവര്‍മ കോണുകള്‍ തയാറാക്കുന്ന മാംസം പഴകിയതാകാന്‍ പാടില്ല. കോണില്‍ നിന്നും മുറിച്ചെടുത്ത മാംസം കൃത്യമായും മുഴുവനായും വേവുന്നതിനായി രണ്ടാമതൊന്നു കൂടി ഗ്രില്ലിംഗോ ഓവനിലെ ബേക്കിംഗോ ചെയ്യണം.

     മയണൈസ് ആണ് ഉപയോഗിക്കുന്നതെങ്കില്‍ ഒരിക്കല്‍ കവര്‍ തുറന്ന് ഉപയോഗിച്ചതിന് ശേഷം ബാക്കി വന്നത് നാല് ഡിഗ്രി സെല്‍ഷ്യസ് ഊഷ്മാവില്‍ സൂക്ഷിക്കണം. രണ്ട് ദിവസങ്ങളില്‍ കൂടുതല്‍ ഉപയോഗിക്കുകയും ചെയ്യരുത്. പാക്ക് ചെയ്ത് നല്‍കുന്ന ഷവര്‍മയുടെ ലേബലില്‍ പാകം ചെയ്തതു മുതല്‍ ഒരു മണിക്കൂര്‍ വരെ ഉപയോഗിക്കാം എന്ന് വ്യക്തമായി ചേര്‍ക്കണം. ഫുഡ് സേഫ്റ്റി സ്റ്റാന്‍ഡേര്‍ഡ് നിയമ പ്രകാരം ഭക്ഷണ വിതരണ സ്ഥാപനങ്ങള്‍ എല്ലാം തന്നെ ലൈസന്‍സ് അല്ലെങ്കില്‍ രജിസ്‌ട്രേഷന്‍ എടുത്തു മാത്രമേ പ്രവര്‍ത്തിക്കാവൂ. ഇത് ലംഘിക്കുന്നവര്‍ക്കെതിരെ പത്ത് ലക്ഷം രൂപ വരെ പിഴ ശിക്ഷ ലഭിക്കാവുന്ന കുറ്റമാണ്.

Related Articles

Latest Articles