Wednesday, November 4, 2026

പന്ത്രണ്ടു ദിവസം മാത്രമുള്ള കുഞ്ഞിനെ സ്വന്തം കുഞ്ഞിനെ പോലെ മാറോടണച്ച് പാലൂട്ടിയത് മണിക്കൂറുകളോളം; അമ്മയില്ലാത്ത സമയത്ത് മാതൃസ്നേഹവും മുലപ്പാലും നൽകിയ പോലീസുകാരിക്ക് ഡിജിപിയുടെ അഭിനന്ദനം

തിരുവനന്തപുരം: പന്ത്രണ്ടുദിവസം മാത്രമുള്ള കുഞ്ഞിന് മുലപ്പാൽ നൽകി ജീവൻ രക്ഷിച്ച പോലീസ് ഉദ്യോഗസ്ഥയ്ക്ക് അഭിനന്ദനവുമായി കേരള പോലീസ്. കുടുംബപ്രശ്‌നങ്ങളെ തുടർന്ന് ഭർത്താവും ഭർതൃമാതാവും എടുത്തുകൊണ്ടുപോയ കുഞ്ഞിനെ തിരികെ അമ്മയുടെ അടുത്ത് കൊണ്ടെത്തിക്കുന്നതിനിടയിലായിരുന്നു സംഭവം.

മണിക്കൂറുകളോളം മുലപ്പാൽ ലഭിക്കാതെ ക്ഷീണാവസ്ഥയിലായിരുന്ന കുഞ്ഞിനെ മുലയൂട്ടുന്ന അമ്മയായ രമ്യ രക്ഷകയായി എത്തുകയായിരുന്നു. കുട്ടിയുടെ ഷുഗർ ലെവൽ ഉൾപ്പെടെ അപകടകരമായ രീതിയിൽ താഴ്ന്നിരുന്നു.

കോഴിക്കോട് ചേവായൂർ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസറായ എംആർ രമ്യയാണ് മാതൃകാപരമായ പ്രവർത്തനം നടത്തിയത്. പോലീസ് തന്നെയാണ് ഔദ്യോഗിക സമൂഹമാദ്ധ്യമപേജുകളിലൂടെ മാതൃത്വത്തിന്റെ നൻമയും ഉത്തരവാദിത്വവും നിറഞ്ഞ രമ്യയുടെ പ്രവൃത്തി പുറംലോകത്തെ അറിയിച്ചത്. രമ്യയെയും കുടുംബത്തെയും പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് ആദരിച്ചത്. ഇവർക്ക് കമന്റേഷൻ സർട്ടിഫിക്കേറ്റും നൽകി.

അവശനിലയിലായ കുഞ്ഞിനെ സ്വന്തം കുഞ്ഞിനെപ്പോലെ കണ്ടാണ് പോലീസുകാരി ശുശ്രൂഷിച്ചത്. രമ്യയുടെ പ്രവൃത്തി സേനയുടെ യശസ്സ് ഉയർത്തിയെന്ന് ഡിജിപി ചൂണ്ടിക്കാട്ടി. കഴിഞ്ഞ ശനിയാഴ്ചയാണ് കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുമായി യുവതി ചേവായൂർ പോലീസ് സ്റ്റേഷനിൽ എത്തിയത്. . പരസ്പരമുള്ള തർക്കത്തെത്തുടർന്ന് അച്ഛൻ കുട്ടിയെ അമ്മയുടെ അടുക്കൽ നിന്ന് മാറ്റുകയായിരുന്നു. കുഞ്ഞുമായി ബാംഗ്ലൂരിലെ ജോലിസ്ഥലത്തേയ്‌ക്ക് പോയ പിതാവിനെ സുൽത്താൻ ബത്തേരി പോലീസ് കണ്ടെത്തി. മുലപ്പാൽ ലഭിക്കാതെ ക്ഷീണിച്ചിരുന്ന നവജാതശിശുവിനെ പോലീസ് അതിവേഗം ആശുപത്രിയിലെത്തിച്ചു. തുടർന്നാണ് പോലീസ് സംഘത്തിനൊപ്പം എത്തിയ രമ്യ കുഞ്ഞിന് മുലപ്പാൽ നൽകിയത്.

Related Articles

Latest Articles