Sunday, October 25, 2026

ഒരിക്കൽ പ്രശസ്തിയുടെ കൊടുമുടിയിൽ ; ഇപ്പോൾ അവഗണനയുടെ പടുകുഴിയിൽ !ഏഷ്യൻ ഗെയിംസ് ക്രിക്കറ്റ് ടീമിൽ ഉൾപ്പെടുത്താതിൽ ഞെട്ടിപ്പോയെന്ന പ്രതികരണവുമായി ശിഖർ ധവാൻ

മുംബൈ∙ ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് ടീം പ്രഖ്യാപനം വന്നപ്പോൾ തന്നെ ഒഴിവാക്കിയതറിഞ്ഞ് ഞെട്ടിപ്പോയെന്ന പ്രതികരണവുമായി വെറ്ററൻ താരം ശിഖർ ധവാൻ. പിന്നീട് ആ വസ്തുത താൻ അംഗീകരിച്ചെന്നും യുവതാരം ഋതുരാജ് ഗെയ്ക്‌വാദ് ഇന്ത്യൻ ടീമിനെ നയിക്കുന്നതിൽ സന്തോഷമുണ്ടെന്നും ശിഖർ ധവാൻ ഒരു പ്രമുഖ വാർത്താ ഏജൻസിയോട് പറഞ്ഞു.

ഒരു കാലത്ത് ഇന്ത്യൻ ടീമിൽ ഒഴിവാക്കാനാവാത്ത പേരായിരുന്നു ശിഖർ ധവാൻ. വളരെപ്പെട്ടെന്ന് ആരാധകരുടെ ഗബ്ബർ ആയി വളരാനും അദ്ദേഹത്തിനായി. പിന്നീട് ഫോം നഷ്ടമായി ടീമിന് പുറത്തായ ധവാന് യുവതാരങ്ങൾ മിന്നും ഫോമിൽ കളിച്ചതോടെ ഒരു മടങ്ങി വരവ് അപ്രാപ്യമായി. കഴിഞ്ഞ സീസൺ ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനായി തകർപ്പൻ ഫോമിൽ കളിച്ചതോടെ അദ്ദേഹത്തിന്റെ മടങ്ങി വരവ് ആരാധകർ പ്രതീക്ഷിച്ചിരുന്നു.

‘‘ഏഷ്യന്‍ ഗെയിംസിനുള്ള ടീമിൽ എന്റെ പേരു കാണാതിരുന്നപ്പോൾ ഞാൻ ഞെട്ടിപ്പോയി. എന്നാൽ മാനേജ്മെന്റ് ചിന്തിക്കുന്നതു മറ്റു ചില കാര്യങ്ങളായിരിക്കാം. ഞാൻ അത് സ്വീകരിച്ചേ തീരൂ എന്നു തോന്നി. ഇന്ത്യൻ ടീമിനെ ഋതുരാജ് ഗെയ്ക്‌വാദ് നയിക്കുന്നതിൽ സന്തോഷമുണ്ട്. ഇന്ത്യൻ ടീമിൽ ഉള്ളത് യുവതാരങ്ങളാണ്. അവർ നല്ല പ്രകടനം നടത്തുമെന്ന് എനിക്ക് ഉറപ്പാണ്. ക്രിക്കറ്റിലേക്കു തിരിച്ചുവരാൻ ഞാന്‍ തയാറെടുക്കുകയാണ്. അതുകൊണ്ട് തന്നെ എല്ലായ്പ്പോഴും ഫിറ്റ്നസ് നിലനിർത്താൻ പരിശ്രമിക്കുന്നുണ്ട്. ഒരു ശതമാനമായാലും 20 ശതമാനമായാലും എപ്പോഴും ഒരു അവസരം കൂടിയുണ്ടാകും.’’– ധവാൻ വ്യക്തമാക്കി. ബെംഗളൂരുവിലെ ദേശീയ ക്രിക്കറ്റ് അക്കാദമിയിലാണ് ധവാൻ ഇപ്പോൾ പരിശീലിക്കുന്നത്. ക്രിക്കറ്റ് പരിശീലനം ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്. അതാണ് എന്റെ നിയന്ത്രണത്തിലുള്ള കാര്യം. കളിക്കുന്ന കാര്യത്തില്‍ ടീം എന്തു തീരുമാനം എടുത്താലും ഞാൻ അതിനെ ബഹുമാനിക്കുന്നു. ഞാൻ സിലക്ടർമാരുമായൊന്നും സംസാരിച്ചിട്ടില്ല. പക്ഷേ ദേശീയ ക്രിക്കറ്റ് അക്കാദമിയിലെ പരിശീലനം തുടരും. അടുത്ത ഐപിഎല്‍ സീസണിനായി തയാറെടുക്കേണ്ടതുണ്ട്. സയിദ് മുഷ്താഖ് അലി ട്രോഫി, വിജയ് ഹസാരെ എന്നീ ടൂർണമെന്റുകളിലും കളിക്കാമെന്നാണു പ്രതീക്ഷ.– ധവാൻ പറഞ്ഞു.

Related Articles

Latest Articles