കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി ഡ്രൈവർ അർജുൻ അടക്കമുള്ള മൂന്ന് പേർക്കായുള്ള തെരച്ചിൽ പുരോഗമിക്കവേ തലകീഴായി മറിഞ്ഞ നിലയിൽ നദിക്കടിയിൽ ലോറി കണ്ടെത്തിയതായി പ്രാദേശിക മുങ്ങൽ വിദഗ്ദൻ ഈശ്വർ മാൽപ്പെ പറഞ്ഞു. എന്നാൽ ഇത് അർജുന്റെ ലോറി തന്നെയാണോ എന്ന കാര്യത്തിൽ സ്ഥിരീകരണം ലഭിച്ചിട്ടില്ല.
ഇന്നലെ വൈകുന്നേരം 15 മിനിറ്റോളം ഡ്രഡ്ജർ ഉപയോഗിച്ച് പുഴയിൽനിന്ന് മണ്ണ് നീക്കം ചെയ്തിരുന്നു. ഐബോഡ് ഡ്രോണിന്റെ സിഗ്നൽ ലഭിച്ച ഭാഗത്താണ് തിരച്ചിൽ നടത്തുന്നത്. മൂന്നുദിവസത്തെ കരാറാണ് ഇപ്പോഴുള്ളതെന്ന് ഡ്രെഡ്ജർ കമ്പനിയുടെ എം.ഡി. മഹേന്ദ്ര ഡോഗ്രെ പറഞ്ഞു.
ഓഗസ്റ്റ് 17-നാണ് മണ്ണ് നീക്കാൻ കഴിയാത്തതിനാൽ അർജുനുവേണ്ടിയുള്ള തിരച്ചിൽ അവസാനിപ്പിച്ചത്. പിന്നീട് ദിവസങ്ങളോളം അനിശ്ചിതാവസ്ഥയിലായിരുന്നു. ഡ്രഡ്ജർ കൊണ്ടുവരുമെന്ന് പറഞ്ഞിരുന്നെങ്കിലും ഒരുകോടി രൂപ ചെലവ് വരുന്നതിനാൽ ആര് പണംമുടക്കും എന്നതായിരുന്നു പ്രശ്നം.പിന്നീട് കുടുംബം കർണാടക മുഖ്യമന്ത്രിയെ കണ്ടതോടെയാണ് തിരച്ചിൽ പുനരാരംഭിക്കാൻ തീരുമാനമായത്.

