നാസിക്: മഹാരാഷ്ട്രയിലെ നാസിക്കിലുള്ള ടാറ്റ കൺസൾട്ടൻസി സർവീസസിന്റെ (TCS) ബിസിനസ് പ്രോസസ് ഔട്ട്സോഴ്സിംഗ് (BPO) കേന്ദ്രത്തിൽ നടന്ന അതിക്രമങ്ങളിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. സ്ഥാപനത്തിലെ എച്ച്ആർ മാനേജരായ നിദ ഖാനാണ് ഈ ഗൂഢാലോചനകളുടെ മുഖ്യ ആസൂത്രകയെന്നാണ് പോലീസ് സംശയിക്കുന്നത്. ഓഫീസിലെ ലൈംഗിക അതിക്രമങ്ങൾ തടയാനുള്ള ‘POSH’ കമ്മിറ്റി അംഗമായിരുന്നിട്ടും, പരാതികൾ അടിച്ചമർത്താനും കുറ്റവാളികളെ സംരക്ഷിക്കാനുമാണ് നിദ ഖാൻ ശ്രമിച്ചതെന്ന് പ്രത്യേക അന്വേഷണ സംഘം (SIT) കണ്ടെത്തി.
ഇരകളായ ജീവനക്കാർ നൽകിയ പരാതികൾ കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരിലേക്ക് എത്താതിരിക്കാൻ നിദ ഖാൻ ഗൂഢമായി പ്രവർത്തിച്ചതായി എഎൻഐ റിപ്പോർട്ട് ചെയ്യുന്നു. പ്രതികൾക്കിടയിൽ കൈമാറ്റം ചെയ്യപ്പെട്ട എഴുപത്തിയെട്ടോളം സംശയാസ്പദമായ കോൾ റെക്കോർഡുകളും ഇമെയിലുകളും ചാറ്റുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. ഇവരുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ചും ഒത്തുകളിയെക്കുറിച്ചും പോലീസ് നിലവിൽ വിശദമായ അന്വേഷണം നടത്തിവരികയാണ്.
സ്ഥാപനത്തിലെ ടീം ലീഡറായ തൗസീഫ് അത്താർ, ഡാനിഷ് ഷെയ്ഖ് എന്നിവരുൾപ്പെടെയുള്ള പ്രതികൾക്കെതിരെ അങ്ങേയറ്റം അശ്ലീലവും ക്രൂരവുമായ ആരോപണങ്ങളാണ് ഉയർന്നിട്ടുള്ളത്. വന്ധ്യതാ ചികിത്സ നടത്തിയിരുന്ന ഒരു ജീവനക്കാരനോട് “കുട്ടികൾ വേണമെന്നുണ്ടെങ്കിൽ നിന്റെ ഭാര്യയെ എന്റെ അടുത്തേക്ക് അയക്ക്” എന്ന് ടീം ലീഡർ പറഞ്ഞതായി പരാതിയിലുണ്ട്. ഇതിനെ എതിർത്ത ജീവനക്കാരനെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ഓഫീസിലെ ഫാൻ ഊരി എറിയുകയും ചെയ്തു. ഇതേക്കുറിച്ച് എച്ച്ആറിനെ അറിയിച്ചിട്ടും നിദ ഖാൻ യാതൊരു നടപടിയും സ്വീകരിച്ചില്ലെന്ന് ജീവനക്കാരൻ വെളിപ്പെടുത്തി.
പെൺകുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾ ഈ കേന്ദ്രത്തിൽ പതിവായിരുന്നുവെന്നാണ് സൂചനകൾ. 23-കാരിയായ യുവതിയെ ഡാനിഷ് ഷെയ്ഖ് ബലംപ്രയോഗിച്ച് ചുംബിക്കാൻ ശ്രമിക്കുകയും വിവാഹത്തിനായി നിർബന്ധിക്കുകയും ചെയ്തു. ഇരുപതിനും ഇരുപത്തിയഞ്ചിനും ഇടയിൽ പ്രായമുള്ള പെൺകുട്ടികളെ ‘സോഫ്റ്റ് ടാർഗറ്റ്’ എന്ന് വിശേഷിപ്പിച്ച് അവരെ പീഡനത്തിന് ഇരയാക്കിയിരുന്നു. എതിർക്കുന്നവരെ ഓഫീസിന്റെ ടെറസിൽ ഒറ്റയ്ക്കിരുത്തി ജോലി ചെയ്യിച്ചതായും, ജോലി കഴിഞ്ഞും സ്ത്രീകളെ നിർബന്ധിച്ച് ഓഫീസിൽ പിടിച്ചിരുത്തിയതായും സാക്ഷിമൊഴികളുണ്ട്.
ലൈംഗികാതിക്രമത്തിന് പുറമെ ഓഫീസിനുള്ളിൽ സംഘടിതമായ മതപരിവർത്തന ശ്രമങ്ങൾ നടന്നതായും ഗൗരവകരമായ ആരോപണമുണ്ട്. സ്ഥാപനത്തിലെ യുവാക്കളോട് അവിടെയുള്ള ഹിന്ദു പെൺകുട്ടികളെ പ്രണയിക്കാനും വിവാഹം കഴിക്കാനും നിർബന്ധിച്ചിരുന്നതായി ജീവനക്കാർ പോലീസിൽ പരാതി നൽകിയിട്ടുണ്ട്. നിലവിൽ ഡാനിഷ് ഷെയ്ഖ് ഉൾപ്പെടെയുള്ള പ്രതികൾ ജയിലിലാണ്. സംഭവം പുറത്തായതോടെ ടിസിഎസിന്റെ നാസിക് ഓഫീസ് താൽക്കാലികമായി അടച്ചുപൂട്ടിയിരിക്കുകയാണ്.
വിഷയത്തിൽ മഹാരാഷ്ട്ര സർക്കാർ കർശന നടപടികൾക്കാണ് ഒരുങ്ങുന്നത്. ഇത്തരം ചൂഷണങ്ങൾ നേരിടുന്നവർക്കായി ഒരു പ്രത്യേക ഹെൽപ്പ് ലൈൻ നമ്പർ ആരംഭിക്കുന്നത് സർക്കാർ പരിഗണനയിലാണെന്ന് കാബിനറ്റ് മന്ത്രി നിതേഷ് റാണെ അറിയിച്ചു. പല കമ്പനികളിലും സമാനമായ രീതിയിൽ ജീവനക്കാർ ചൂഷണത്തിന് ഇരയാകുന്നുണ്ടെന്ന് ഹിന്ദു സംഘടനകൾ വഴി വിവരങ്ങൾ ലഭിക്കുന്നുണ്ടെന്നും ഇതിനെതിരെ കർശന നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

