Saturday, October 24, 2026

വാരണാസി വിമാനത്താവളത്തിൽ വെടിവെയ്പ്പ്? വെടി പൊട്ടിയ തോക്ക് യാത്രക്കാരന്റേത്, രണ്ട് പേർക്ക് ഗുരുതര പരിക്ക്

വാരണാസി : ഉത്തർപ്രദേശിലെ വാരണാസി ലാൽ ബഹാദൂർ ശാസ്ത്രി അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുരക്ഷാ പരിശോധനയ്ക്കിടെ ഉണ്ടായ യാത്രക്കാരന്റെ തോക്കിൽ നിന്ന് വേദി പൊട്ടി രണ്ട് പേർക്ക് പരിക്കേറ്റു. ഉത്തർപ്രദേശ് അസംഘഡ് സ്വദേശിയായ കമലേഷ് റായ് എന്ന യാത്രക്കാരന്റെ ലൈസൻസുള്ള പിസ്റ്റളിൽ നിന്നാണ് അബദ്ധത്തിൽ വെടിയുതിർന്നത്. ഭാര്യയോടൊപ്പം എയർ ഇന്ത്യ എക്സ്പ്രസ് വിമാനത്തിൽ മുംബൈയിലേക്ക് പോകാൻ എത്തിയതായിരുന്നു ഇദ്ദേഹം.

ഇന്ന് രാവിലെ 9:30ഓടെയാണ് സംഭവം നടന്നത്. വിമാനത്തിൽ കൊണ്ടുപോകാനായി തോക്കും വെടിയുണ്ടകളും പരിശോധിക്കുന്നതിനിടയിലാണ് അബദ്ധത്തിൽ വെടി പൊട്ടിയത്. സുരക്ഷാ പരിശോധന നടത്തിക്കൊണ്ടിരുന്ന വനിതാ ജീവനക്കാരിയുടെ കാലിലും സമീപത്തുണ്ടായിരുന്ന മറ്റൊരു വ്യക്തിയുടെ തള്ളവിരലിലുമാണ് വെടിയേറ്റത്. പരിക്കേറ്റ രണ്ട് പേരെയും ഉടൻ തന്നെ ചികിത്സയ്ക്കായി സമീപത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. സംഭവമറിഞ്ഞ് ഡെപ്യൂട്ടി കമ്മീഷണർ ഉൾപ്പെടെയുള്ള മുതിർന്ന പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തുകയും നിയമനടപടികൾ സ്വീകരിക്കുകയും ചെയ്തു.

അതേസമയം, കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾക്ക് വിധേയമായി വിമാനങ്ങളിൽ തോക്കുകൾ കൊണ്ടുപോകാൻ അനുവാദമുണ്ട്. തോക്കുകൾ പൂർണ്ണമായും ഒഴിഞ്ഞ അവസ്ഥയിൽ അടച്ചു പൂട്ടി പെട്ടികളിൽ മാത്രമേ സൂക്ഷിക്കാവൂ. കൂടാതെ, സാധുവായ ലൈസൻസും വെടിയുണ്ടകൾ പ്രത്യേകം സൂക്ഷിച്ച വിവരവും എയർലൈൻ ചെക്ക്-ഇൻ കൗണ്ടറിൽ യാത്രക്കാരൻ മുൻകൂട്ടി സാക്ഷ്യപ്പെടുത്തേണ്ടതുമാണ്. ഒരു യാത്രക്കാരന് ലൈസൻസുള്ള ഒരു റിവോൾവർ, പിസ്റ്റൾ അല്ലെങ്കിൽ ഷോട്ട്ഗൺ എന്നിവയും അമ്പത് വെടിയുണ്ടകളും രജിസ്റ്റേർഡ് ബാഗേജിൽ കൊണ്ടുപോകാൻ സാധിക്കും. ആഭ്യന്തര വിമാനങ്ങളിൽ ഇതിനായി നിശ്ചിത തുക ഹാൻഡ്‌ലിംഗ് ചാർജായി ഈടാക്കാറുണ്ട്.

Related Articles

Latest Articles