Saturday, May 18, 2024
spot_img

നെയ്യ്, ശര്‍ക്കര ക്ഷാമം; അപ്പം, അരവണ നിര്‍മാണത്തെ ബാധിക്കുമെന്ന് ആശങ്ക

ശബരിമല: ശബരിമല സന്നിധാനത്ത് നെയ്യ്, ശര്‍ക്കരയ്ക്കും ക്ഷാമം നേരിടുന്നത് അപ്പം, അരവണ നിര്‍മാണത്തെ ബാധിക്കുമെന്ന് ആശങ്ക. ടെണ്ടര്‍ ഏറ്റെടുത്ത കമ്പനിക്ക് ശര്‍ക്കര നല്‍കാന്‍ കഴിയാഞ്ഞതും, തീര്‍ത്ഥാടകര്‍ കൊണ്ടുവരുന്ന നെയ്യ് തികയാതെ വരുന്നതുമാണ് പ്രതിസന്ധിക്ക് കാരണം. ക്ഷാമം മറികടക്കാന്‍ പുറത്ത് നിന്ന് ശര്‍ക്കരയും നെയ്യും വാങ്ങാനുള്ള തീരുമാനത്തിലാണ് ദേവസ്വം ബോര്‍ഡ്.

മണ്ഡലകാലം തുടങ്ങി രണ്ടാഴ്ച പിന്നിടുമ്പോള്‍ ശബരിമല സന്നിധാനത്ത് വലിയ ഭക്തജനത്തിരക്കാണ്. തീര്‍ഥാടകര്‍ക്ക് ആവശ്യമായ അപ്പവും അരവണയും സ്റ്റോക്കുണ്ടെന്ന് ദേവസ്വം ബോര്‍ഡ് പറയുമ്പോഴും, ശര്‍ക്കരയ്ക്കും നെയ്യ്ക്കും ക്ഷാമം നേരിടുന്നതില്‍ ആശങ്കയുണ്ട്.

ശര്‍ക്കര നല്‍കാനുള്ള ടെന്‍ഡര്‍ മഹാരാഷ്ട്രയിലെ സ്വകാര്യ കമ്പനിക്കാണ്. എന്നാല്‍ മഴ മൂലം ഉത്പാദനം തടസ്സപ്പെട്ടതോടെ വിതരണം നിലച്ചു. പ്രതിസന്ധി മറികടക്കാന്‍ അഞ്ച് ലക്ഷം കിലോ ശര്‍ക്കര പുറത്തുനിന്ന് വാങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

ടെന്‍ഡര്‍ ഇല്ലാതെ വാങ്ങുന്നതിനാല്‍ കൂടുതല്‍ പണം നല്‍കേണ്ടിവരും. ശര്‍ക്കരയെക്കാള്‍ ക്ഷാമം നെയ്ക്കാണ്. പ്രതിസന്ധി മറികടക്കാന്‍ മാര്‍ക്കറ്റ്‌ഫെഡില്‍ നിന്ന് നെയ്യ് വാങ്ങാനാണ് ദേവസ്വം ബോര്‍ഡിന്റെ തീരുമാനം. ഇതിനുള്ള ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലാണ്.

Related Articles

Latest Articles