Sunday, June 16, 2024
spot_img

ഉടൻ ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണം; പോലീസിൽ കീഴടങ്ങണം! ഇത് അപേക്ഷയല്ല ! മുന്നറിയിപ്പ് ; പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ

ലൈംഗിക പീഡന ആരോപണത്തെ തുടർന്ന് രാജ്യം വിട്ട ഹാസൻ എംപി പ്രജ്ജ്വൽ രേവണ്ണയ്ക്ക് താക്കീതുമായി ജെഡിഎസ് നേതാവ് എച്ച്.ഡി. ദേവ​ഗൗഡ. ഇന്ത്യയിലേക്ക് ഉടൻ തിരിച്ചുവരണമെന്നും പോലീസിൽ കീഴടങ്ങണമെന്നും പ്രജ്ജ്വലിനോട് ആവശ്യപ്പെട്ട അദ്ദേഹം, തന്റെ ക്ഷമ പരീക്ഷിക്കരുതെന്ന മുന്നറിയിപ്പും നൽകി. ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് പാർട്ടി ലെറ്റർ ഹെഡിലൂടെ ഇറക്കിയ പ്രസ്താവന ദേവ​ഗൗഡ സമൂഹ മാദ്ധ്യമമായ എക്സിൽ പങ്കുവെച്ചു. ‘പ്രജ്ജ്വല്‍ രേവണ്ണക്ക് എന്റെ മുന്നറിയിപ്പ്’ എന്ന തലക്കെട്ടോടെയാണ് കത്ത് ആരംഭിക്കുന്നത്. നേരത്തെ രേവണ്ണയോട്
രാജ്യത്ത് തിരിച്ചെത്തി അന്വേഷണത്തോട് സഹകരിക്കണമെന്ന് പരസ്യാഭ്യർത്ഥനയുമായി ജെഡിഎസ്. അദ്ധ്യക്ഷനും കർണാടക മുൻ മുഖ്യന്ത്രിയുമായ എച്ച്ഡി കുമാരസ്വാമി രംഗത്ത് വന്നിരുന്നു. ബെംഗളൂരുവിൽ മാദ്ധ്യമ പ്രവർത്തകരോട് പ്രതികരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ അഭ്യത്ഥന. പിന്നാലെയാണ് എച്ച്.ഡി. ദേവ​ഗൗഡയും രംഗത്ത് വന്നിരിക്കുന്നത്.

‘ഈ കത്ത് പ്രജ്ജ്വലിനോടുള്ള അപേക്ഷയല്ല, മുന്നറിയിപ്പാണ്. പ്രജ്ജ്വലിന് കടുത്ത ശിക്ഷ ലഭിക്കണമെന്നാണ് എന്റെ അഭിപ്രായം. കഴിഞ്ഞ കുറച്ച് ആഴ്ചകളായി പ്രജ്ജ്വലിനെതിരായ ലൈം​ഗികാരോപണ കേസിന്റെ പേരിൽ തനിക്കും കുടുംബത്തിനുംനേരെ കടുത്ത ഭാഷയിലാണ് നാട്ടുകാർ പ്രതികരിക്കുന്നത്. അവരെ ഞാൻ കുറ്റപ്പെടുത്തില്ല. അവരെ തടയാനും വിമർശിക്കാനും ഉദ്ദേശിക്കുന്നില്ല. പ്രജ്ജ്വലിനെതിരായ അന്വേഷണത്തിൽ എന്റെയോ കുടുംബത്തിന്റെയോ ഭാ​ഗത്തുനിന്ന് യാതൊരു ഇടപെടലും ഉണ്ടാകില്ല. 60 വർഷക്കാലം എന്നോടൊപ്പം അടിയുറച്ചുനിന്ന ജനങ്ങളോടാണ് എനിക്ക് കടപ്പാട്. മുന്നറിയിപ്പ് കണ്ട് പ്രവർത്തിച്ചില്ലെങ്കിൽ എന്റെയും കുടുംബത്തിന്റെയും രോഷം പ്രജ്ജ്വൽ നേരിടേണ്ടി വരും’, അദ്ദേഹം കത്തിൽ പറയുന്നു.

കർണാടക സർക്കാരിന്റെ അഭ്യർഥനയെ തുടർന്ന് പ്രജ്ജ്വലിന്റെ നയതന്ത്ര പാസ്പോർട്ട് റദ്ദാക്കാനുള്ള നടപടി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ആരംഭിച്ചെന്നാണ് വിവരം. കേസിൽ നേരത്തെ 33 കാരനായ പ്രജ്ജ്വൽ രേവണ്ണയ്ക്കെതിരേ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിച്ചിരുന്നു. അന്വേഷണ സംഘം ആവശ്യപ്പെട്ടിട്ടും പ്രജ്ജ്വല്‍ ഹാജരാകാത്ത സാഹചര്യത്തിലാണ് നീക്കം. ആരോപണമുയർന്നതിന് പിന്നാലെ ജർമ്മനിയിലേക്ക് കടന്ന പ്രജ്ജ്വൽ നിലവിൽ ദുബായിലാണെന്നാണ് വിവരം.

ഏപ്രില്‍ 26ന് വോട്ടെടുപ്പ് നടക്കും മുമ്പാണ് പ്രജ്ജ്വൽ രേവണ്ണയുടെ ലൈംഗികാക്രമണ വീഡിയോകള്‍ ഹാസനില്‍ വ്യാപകമായി പ്രചരിച്ചത്. തുടർന്ന് അന്വേഷണത്തിനായി കര്‍ണാടക സര്‍ക്കാര്‍ പ്രത്യേക സംഘത്തെ നിയോഗിച്ചു. ഇതിനുപിന്നാലെയാണ് പ്രജ്ജ്വൽ ജർമനിയിലേക്ക് രക്ഷപ്പെട്ടത്. പ്രജ്ജ്വൽ പാർട്ടിയിൽനിന്ന് പുറത്താക്കുകയും ചെയ്തു. രേവണ്ണയുടെ വീട്ടിലെ സ്റ്റോർ റൂമിൽ വെച്ചാണ് വിഡിയോകൾ ചിത്രീകരിച്ചതെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. നേരത്തെ പ്രജ്ജ്വലിനെതിരേ അന്വേഷണസംഘം ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കുകയും ചെയ്തിരുന്നു.

വീഡിയോയില്‍ ഉള്‍പ്പെട്ടതായി പറയുന്ന സ്ത്രീ വനിതാ കമ്മിഷന് പരാതിയും നല്‍കിയിരുന്നു. ഇതോടെയാണ് സര്‍ക്കാര്‍ അന്വേഷണത്തിന് പ്രത്യേക സംഘത്തെ ചുമതലപ്പെടുത്തിയത്. ഇന്റര്‍പോളിനെക്കൊണ്ട് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിപ്പിക്കാനായെങ്കിലും പ്രജ്ജ്വലിനെ തിരികെയെത്തിക്കാനായിട്ടില്ല.

Related Articles

Latest Articles