Monday, April 29, 2024
spot_img

സംസ്ഥാനത്ത് മഴ ശക്തം; ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു; പെരിയാർ തീരത്ത് അതീവ ജാഗ്രത

എറണാകുളം : സംസ്ഥാനത്ത് മഴ ശക്തമായതിനെ തുടർന്ന് ഇടമലയാർ ഡാമിന്റെ ഷട്ടറുകൾ തുറന്നു. രാവിലെ 11 മണിക്ക് രണ്ട് ഷട്ടറുകൾ 50 സെന്റിമീറ്റർ വീതമാണ് ഉയർത്തിയത്. സെക്കന്റിൽ 75 മുതൽ 125 ഘനമീറ്റർ വരെയാണ് വെള്ളം ഒഴുക്കി വിട്ടത്.

ഡാമിന്റെ വൃഷ്ടി പ്രദേശങ്ങളിൽ മഴ തുടരുന്ന സാഹര്യത്തിൽ ഡാമിലേക്കുള്ള നീരൊഴുക്ക് വർദ്ധിച്ചിട്ടുണ്ട്. ഇതിനെ തുടർന്നാണ് ഷട്ടറുകൾ ഉയർത്തിയത്. പെരിയാറിൽ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ തീരത്തുള്ളവർ ജാഗ്രത പാലിക്കണം എന്ന് നിർദ്ദേശം ഉണ്ട്. കൂടാതെ പെരിയാർ തീരത്തെ വിനോദ സഞ്ചാരത്തിനും നിയന്ത്രണം ഏർപ്പെടുത്തി.

അതേസമയം സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ഇന്ന് ശക്തമായ മഴയ്‌ക്കാണ് സാധ്യത. ആറ് ജില്ലകളിൽ യെല്ലോ അലർട്ട് ഉണ്ട്.തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. അടുത്ത ദിവസങ്ങളിലും മഴ തുടരാനാണ് സാധ്യത. മലയോരമേഖലകളിൽ ജാഗ്രത തുടരണമെന്ന് നിർദേശമുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുള്ളതിനാൽ മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിനും വിലക്കുണ്ട്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദവും കോമോറിൻ തീരത്തെ ചക്രവാതച്ചുഴിയും, ശക്തമായ പടിഞ്ഞാറൻ കാറ്റുമാണ് മഴ തുടരുന്നതിന് കാരണം.

Related Articles

Latest Articles