Saturday, May 4, 2024
spot_img

തീരദേശവാസികള്‍ ജാഗ്രത പാലിക്കുക ; നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നു

തിരുവനന്തപുരം: നെയ്യാര്‍ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്ന് വീണ്ടും ഉയര്‍ത്തും. നിലവിലേതില്‍ നിന്നും രണ്ട് ഇഞ്ച് കൂടിയാണ് ഷട്ടര്‍ ഉയര്‍ത്തുന്നത്. വൃഷ്ടിപ്രദേശത്ത് മഴ കൂടിയതിനാല്‍ അണക്കെട്ടിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിനായാണ് ഷട്ടറുകള്‍ വീണ്ടും ഉയര്‍ത്തുന്നത്. ഇപ്പോള്‍ രണ്ട് ഇഞ്ച് വീതമാണ് ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുള്ളത്.

നിലവില്‍ 83.480 മീറ്ററാണ് നെയ്യാര്‍ ഡാമിലെ ജലനിരപ്പ്. 84.75 മീറ്ററാണ് ഡാമിന്‍റെ പരമാവധി സംഭരണ ശേഷി. കനത്ത മഴ പെയ്താല്‍ ഡാം പെട്ടെന്ന് തുറക്കേണ്ട സാഹചര്യം ഉണ്ടായേക്കും. ഇതൊഴിവാക്കാനാണ് ഇപ്പോള്‍ വെള്ളം തുറന്നുവിടുന്നത്. വെള്ളം തുറന്നു വിടുന്നതിനാല്‍ നെയ്യാറിന്‍റെ തീരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് ജില്ലാ ഭരണകൂടം മുന്നറിയിപ്പ് നല്‍കി.

അതേസമയം, പേപ്പാറ ഡാമിന്‍റെ ഷട്ടറുകള്‍ ഇന്നലെ തുറന്നിരുന്നു. വൃഷ്ടിപ്രദേശത്ത് തുടര്‍ച്ചയായി പെയ്ത മഴയില്‍ നീരൊഴുക്ക് വര്‍ധിച്ചതിനെത്തുടര്‍ന്നാണ് ഷട്ടറുകള്‍ തുറന്നത്. ഡാമിന്‍റെ രണ്ട് ഷട്ടറുകള്‍ അഞ്ച് സെന്‍റീമീറ്റര്‍ വീതമാണ് ഇന്നലെ തുറന്നത്. ജലനിരപ്പ് 107.50 മീറ്റര്‍ എത്തിയതിനെത്തുടര്‍ന്ന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ നിര്‍ദേശങ്ങള്‍ക്കനുസരിച്ചാണ് ഡാം തുറക്കാന്‍ തീരുമാനമുണ്ടായത്. 110.50 മീറ്ററാണ് പേപ്പാറ ഡാമിന്‍റെ പരമാവധി ശേഷി.

Related Articles

Latest Articles