Monday, November 2, 2026

ഗ്രൂപ്പ് പോരിനൊടുവിൽ കർണ്ണാടകയിൽ സിദ്ധരാമയ്യ മുട്ടുമടക്കി! അനുനയത്തിന് രാജ്യസഭാ സീറ്റ് വാഗ്ദാനവുമായി ഹൈക്കമാൻഡ്; ഭരണത്തിലേറാൻ ഡി കെ

ബെംഗളൂരു : ദീർഘനാളായി കർണ്ണാടക കോൺഗ്രസിനെ ഗ്രസിച്ച ആഭ്യന്തര ഗ്രൂപ്പ് പോരിനും നാടകീയമായ കസേരകളിക്കുമൊടുവിൽ മുഖ്യമന്ത്രി സിദ്ധരാമയ്യ പടിയിറങ്ങുന്നു. ഹൈക്കമാൻഡിന്റെ കടുത്ത സമ്മർദ്ദത്തിന് വഴങ്ങി താൻ രാജിവെക്കുകയാണെന്നും കെ.പി.സി.സി അദ്ധ്യക്ഷൻ ഡി.കെ. ശിവകുമാർ അടുത്ത മുഖ്യമന്ത്രിയാകുമെന്നും സിദ്ധരാമയ്യ തന്നെ വ്യക്തമാക്കിക്കഴിഞ്ഞു. വ്യാഴാഴ്ച രാവിലെ തന്റെ ഔദ്യോഗിക വസതിയിൽ ഒരുക്കിയ യോഗത്തിലാണ് നാടകീയ പ്രഖ്യാപനം ഉണ്ടായത്. മൂന്ന് വർഷത്തോളമായി ഭരണത്തെയും വികസനത്തെയും പൂർണ്ണമായി തരംതാഴ്ത്തി, കോൺഗ്രസ് നേതാക്കൾ തമ്മിൽ നടത്തിയ അധികാര തർക്കമാണ് ഇപ്പോൾ ജനവികാരം ഭയന്ന് താല്ക്കാലികമായി ഒത്തുതീർപ്പാക്കിയിരിക്കുന്നത്. വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടാകുമെന്ന ഭയത്താലാണ് ഹൈക്കമാൻഡ് ഒടുവിൽ സിദ്ധരാമയ്യയെ ഭീഷണിപ്പെടുത്തി കസേരയിൽ നിന്നിറക്കിയത്.

ദില്ലിയിൽ കഴിഞ്ഞ 48 മണിക്കൂറായി മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിൽ നടന്ന ഒത്തുതീർപ്പ് ചർച്ചകളിൽ പലവിധ വാഗ്ദാനങ്ങളും പുനരധിവാസ പാക്കേജുകളും നൽകിയാണ് സിദ്ധരാമയ്യയെ അനുനയിപ്പിച്ചത്. രാജ്യസഭാ സീറ്റും കേന്ദ്ര നേതൃത്വത്തിൽ പദവികളും വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും എം.എ.എൽ.എ ആയി തുടർന്ന് സംസ്ഥാന രാഷ്ട്രീയത്തിൽ തന്നെ നിൽക്കാനാണ് സിദ്ധരാമയ്യക്ക് താല്പര്യം. മുൻപ് 2023-ലെ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം അധികാരം പങ്കിടാൻ ഉണ്ടാക്കിയ രഹസ്യ കരാർ നടപ്പാക്കാൻ ഡി.കെ. ശിവകുമാറും കൂട്ടരും പാർട്ടിക്കുള്ളിൽ കടുത്ത സമ്മർദ്ദം ചെലുത്തിവരികയായിരുന്നു. ഭരണം നിലനിർത്തുന്നതിനേക്കാൾ ഗ്രൂപ്പ് താല്പര്യങ്ങൾക്ക് മുൻഗണന നൽകുന്ന കോൺഗ്രസ് ശൈലി പ്രിയങ്ക ഗാന്ധിയുടെ ഇടപെടലിലൂടെയാണ് ഇപ്പോൾ ഡി.കെക്ക് അനുകൂലമായി കലാശിച്ചത്. വോട്ടുബാങ്ക് ലക്ഷ്യമിട്ടുള്ള കോൺഗ്രസിന്റെ ഈ കസേരകളി ഭരണസംവിധാനത്തെ പൂർണ്ണമായി അട്ടിമറിച്ചെന്ന ആക്ഷേപം ശക്തമാണ്.

അധികാരമാറ്റ വാർത്ത പുറത്തുവന്നതോടെ ഡി.കെ. ക്യാമ്പ് വലിയ ആഘോഷങ്ങളിലേക്ക് കടന്നെങ്കിലും പാർട്ടിക്കുള്ളിലെ ഭിന്നതകൾ മറച്ചുവെക്കാൻ സമൂഹമാദ്ധ്യമങ്ങളിലൂടെയുള്ള പബ്ലിസിറ്റി സ്റ്റണ്ടുകളാണ് കോൺഗ്രസ് ഇപ്പോൾ നടത്തുന്നത്. ഇരുനേതാക്കളും കെട്ടിപ്പിടിക്കുന്ന ചിത്രങ്ങൾ പങ്കുവെച്ച് ഐക്യം സ്ഥാപിക്കാൻ ശ്രമിക്കുമ്പോഴും അണികൾക്കിടയിലെ അതൃപ്തി പുകയുകയാണ്. അതിനിടെ, കുടുംബാംഗത്തിന്റെ അസുഖം മൂലം കർണ്ണാടക ഗവർണർ താവർചന്ദ് ഗെലോട്ട് പെട്ടെന്ന് മുംബൈയിലേക്ക് പോയത് ശനിയാഴ്ച നടക്കേണ്ട സത്യപ്രതിജ്ഞാ ചടങ്ങുകളെ അനിശ്ചിതത്വത്തിലാക്കിയിട്ടുണ്ട്. ജനങ്ങളുടെ ആവശ്യങ്ങളെക്കാൾ സ്വന്തം നേതാക്കളുടെ കസേര മോഹങ്ങൾക്ക് ഒപ്പം സഞ്ചരിക്കുന്ന കോൺഗ്രസ് രാഷ്ട്രീയം കർണ്ണാടകത്തിൽ ഭരണസ്തംഭനത്തിന് ആക്കം കൂട്ടുമെന്ന വിമർശനം ബി.ജെ.പി അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ ഇതിനകം തന്നെ ഉയർത്തിക്കഴിഞ്ഞു.

Related Articles

Latest Articles