കൊച്ചി: എസ്എഫ്ഐ നേതാക്കൾ ഉൾപ്പെട്ട വിദ്യാർത്ഥി സംഘം ക്രൂരമർദ്ദനത്തിനിരയാക്കിയതിന് പിന്നാലെ പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർത്ഥി സിദ്ധാർഥനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ കേസിൽ പ്രതികളെ പരീക്ഷ എഴുതിക്കണമെന്ന സിംഗിൾബെഞ്ച് ഉത്തരവ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് റദ്ദാക്കി. സിദ്ധാർഥന്റെ മാതാവ് നൽകിയ അപ്പീലിലാണ് നടപടി. പ്രതികളായ വിദ്യാർത്ഥികളെ ഡി ബാർ ചെയ്ത സർവ്വകലാശാല നടപടി കോടതി ശരിവെക്കുകയും ചെയ്തു. ഇതോടെ മൂന്ന് വർഷത്തേക്ക് പ്രതികൾക്ക് ഒരു കോളേജിലും പ്രവേശനം നേടാനാകില്ല .
പ്രതികളായ വിദ്യാർത്ഥികൾക്ക് തുടർന്ന് പഠിക്കാൻ മണ്ണുത്തിയിലെ ക്യാമ്പസിൽ അവസരമൊരുക്കണമെന്ന് സിംഗിൾബെഞ്ച് ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ, സിദ്ധാർഥന്റെ മാതാവ് ഇതിനെതിരേ ഹൈക്കോടതി ഡിവിഷൻ ബെഞ്ചിനെ സമീപിക്കുകയായിരുന്നു.
നേരത്തെയുള്ള സിംഗിൾ ബെഞ്ച് ഉത്തരവിന് ശേഷം ആന്റി റാഗിങ് കമ്മിറ്റി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ പ്രതികളായ വിദ്യാത്ഥികളെ സർവകലാശാലയിൽനിന്ന് പുറത്താക്കാനും മൂന്ന് വർഷത്തെക്ക് മാറ്റിനിർത്താനും ഡീബാർ ചെയ്യാനുമുള്ള തീരുമാനം ഉണ്ടായിരുന്നു. ഇതാണ് ഹൈക്കോടതി ശരിവെച്ചത്.

