Tuesday, May 21, 2024
spot_img

അനശ്വരതയിൽ സിദ്ദിഖ്; ഖബറടക്കം എറണാകുളം സെൻട്രൽ ജുമാ മസ്‌ജിദിൽ നടന്നു

കൊച്ചി : സംവിധായകന്‍ സിദ്ദിഖിന് കണ്ണീരോടെ വിടനൽകി സാംസ്കാരിക കേരളം. അദ്ദേഹത്തിന്റെ മൃതദേഹം എറണാകുളം സെന്‍ട്രല്‍ ജുമാ മസ്ജിദില്‍ ഔദ്യോഗിക ബഹുമതികളോടെ മൃതദേഹം കബറടക്കി.
ഭൗതികദേഹം ഒരുനോക്ക് കാണുവാൻ കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് രാവിലെ മുതല്‍ സഹപ്രവര്‍ത്തകരും നാട്ടുകാരും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകിയെത്തിയത്.

സിനിമയിലും ജീവിതത്തിലും ഉറ്റ സുഹൃത്തായിരുന്ന നടന്‍ ലാല്‍ മൃതദേഹത്തിന് മുന്നിൽ പൊട്ടിക്കരഞ്ഞതു കണ്ടുനിന്നവരെപ്പോലും കണ്ണീരിലാഴ്ത്തി. ഫാസിലും ഫഹദ് ഫാസിലും ചേര്‍ന്നാണ് അദ്ദേഹത്തെ ആശ്വസിപ്പിച്ചത്. മമ്മൂട്ടി, സായ്കുമാര്‍ തുടങ്ങി നിരവധി പേര്‍ പ്രിയസുഹൃത്തിന് അന്ത്യാഞ്ജലി അര്‍പ്പിക്കാനെത്തിയിരുന്നു.

ഇന്നലെ രാത്രി 9.10ന് സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കരൾരോഗം മൂർഛിച്ച് മൂന്നാഴ്ചയിലേറെയായി ഐസിയുവിലായിരുന്നു അദ്ദേഹം . തിങ്കളാഴ്ചയുണ്ടായ ഹൃദയാഘാതത്തെത്തുടർന്ന് നില അതീവ ഗുരുതരമായി. പിന്നീട് ഉപകരണ സഹായത്താലായിരുന്നു (എക്മോ) ആന്തരികാവയവങ്ങളുടെ പ്രവർത്തനം.

1983ല്‍ ഫാസിലിന്റെ അസിസ്റ്റന്റ് ആയാണ് സിദ്ദിഖ് സിനിമാ മേഖലയിലേക്ക് കടന്നു വരുന്നത്. കൊച്ചിന്‍ കലാഭവനില്‍ അംഗമായിരുന്ന സിദ്ദിഖിനെയും ലാലിനെയും ഫാസിലാണ് സിനിമയിലേക്ക് എത്തിക്കുന്നത്. ലാലിനൊപ്പം ചേർന്ന് 1989ല്‍ റാംജി റാവു സ്പീക്കിങ് എന്ന ചിത്രത്തിലൂടെ സംവിധാന രംഗത്തേക്ക് എത്തിയ സിദ്ദിഖ്, തിരക്കഥാകൃത്ത്, നടന്‍, നിര്‍മാതാവ് എന്നീ നിലകളിലും കഴിവ് തെളിയിച്ചു. റാംജി റാവു സ്പീക്കിങ്ങിൽ ലാലുമായി തുടങ്ങിയ സംവിധാന കൂട്ടുകെട്ട് 1994ല്‍ കാബൂളിവാല വരെയും നീണ്ടു. നാടോടിക്കാറ്റ് ചിത്രത്തിൻറെ തിരക്കഥാ രചനയിൽ പങ്കാളിയായും പപ്പൻ പ്രിയപ്പെട്ട പപ്പൻ എന്ന ചിത്രത്തിൽ തിരക്കഥയെഴുതിയും സിദ്ദിഖ് ലാൽ കൂട്ടുകെട്ട് തിളങ്ങി. മണിച്ചിത്രത്താഴ് എന്ന ചിത്രത്തിന്റെ സെക്കന്റ് യൂണിറ്റ് ഡയറക്ടറായും അദ്ദേഹം തിളങ്ങി മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുങ്ക് ചിത്രങ്ങളും അദ്ദേഹം സംവിധാനം ചെയ്തു. ഭാര്യ: സജിത. മക്കള്‍: സൗമ്യ, സാറ, സുകൂണ്‍.

റാംജി റാവു സ്പീക്കിങ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ് ഫാദര്‍, വിയറ്റ്‌നാം കോളനി, കാബൂളിവാല, ഹിറ്റ്‌ലര്‍, ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡി ഗാര്‍ഡ്, കാവലന്‍, ലേഡീസ് ആന്‍ഡ് ജെന്റില്‍മെന്‍, ഭാസ്‌കര്‍ ദ് റാസ്‌കല്‍, ഫുക്രി, ബിഗ് ബ്രദര്‍ തുടങ്ങിയവയാണു പ്രധാന ചിത്രങ്ങള്‍. 1991ല്‍ സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ചു.

Related Articles

Latest Articles