Tuesday, October 27, 2026

ഔദ്യോഗിക നാമം ‘കേരള’ യിൽ നിന്ന് ‘കേരളം’ എന്നാക്കണം; നിയമസഭയിൽ പ്രമേയം അവതരിപ്പിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം : സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നതിൽ നിന്ന് ‘കേരളം’ എന്നാക്കി തിരുത്തുവാൻ കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെടുന്ന പ്രമേയം മുഖ്യമന്ത്രി നിയമസഭയിൽ അവതരിപ്പിച്ചു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും കേരളം എന്ന പേര് ആക്കണമെന്നാണ് പ്രമേയത്തിൽ ആവശ്യപ്പെടുന്നത്. പ്രതിപക്ഷവും പ്രമേയത്തെ അംഗീകരിച്ചു.

‘‘ഭാഷാടിസ്ഥാനത്തില്‍ സംസ്ഥാനങ്ങള്‍ രൂപവല്‍ക്കരിക്കപ്പെട്ടത് 1956 നവംബര്‍ ഒന്നിനാണ്. കേരളപ്പിറവി ദിനവും നവംബര്‍ ഒന്നിനാണ്. മലയാള ഭാഷ സംസാരിക്കുന്ന ജനവിഭാഗങ്ങള്‍ക്കായി ഐക്യകേരളം രൂപപ്പെടണമെന്നത് ദേശീയ സ്വാതന്ത്ര്യസമര കാലം മുതല്‍ ശക്തമായി ഉയര്‍ന്നുവന്നിരുന്ന ആവശ്യമാണ്.

എന്നാല്‍ ഭരണഘടനയുടെ ഒന്നാം പട്ടികയില്‍ നമ്മുടെ സംസ്ഥാനത്തിന്റെ പേര് ‘കേരള’ എന്നാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇതു ‘കേരളം’ എന്നാക്കി ഭേദഗതിപ്പെടുത്തുന്നതിനു വേണ്ട അടിയന്തര നടപടികള്‍ ഭരണഘടനയുടെ അനുച്ഛേദം 3 പ്രകാരം കൈക്കൊള്ളണമെന്ന് ഈ നിയമസഭ ഏകകണ്ഠമായി യൂണിയന്‍ ഗവണ്‍മെന്റിനോട് ആവശ്യപ്പെടുന്നു. ഭരണഘടനയുടെ എട്ടാം പട്ടികയില്‍ പറയുന്ന എല്ലാ ഭാഷകളിലും നമ്മുടെ നാട് ‘കേരളം’ എന്ന പേരില്‍ മാറ്റണമെന്നും ഈ സഭ അഭ്യർഥിക്കുന്നു.’’– മുഖ്യമന്ത്രി പ്രസംഗത്തിൽ വ്യക്തമാക്കി .

Related Articles

Latest Articles