തിരുവനന്തപുരം : സംസ്ഥാനത്ത് കഴിഞ്ഞ പത്ത് വർഷത്തെ എൽ.ഡി.എഫ് ഭരണകാലത്ത് ഏറെ രാഷ്ട്രീയ വിവാദങ്ങൾക്കും ജനകീയ പ്രതിഷേധങ്ങൾക്കും വഴിവെച്ച സിൽവർ ലൈൻ പദ്ധതിയ്ക്ക് ബദൽ പദ്ധതിയുമായി യുഡിഎഫ് സർക്കാർ. സിൽവർ ലൈനിന് പകരം പരിസ്ഥിതി ആഘാതം കുറഞ്ഞതും പ്രായോഗികവുമായ മറ്റൊരു അതിവേഗ റെയിൽപ്പാത സംസ്ഥാനത്ത് നടപ്പാക്കാനാണ് പുതിയ സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന്റെ വടക്കേയറ്റം മുതൽ തെക്കേയറ്റം വരെയുള്ള യാത്ര സുഗമമാക്കുന്ന ഈ ബദൽ പദ്ധതിയുടെ ചർച്ചകൾക്കായി മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്ന് ‘മെട്രോ മാൻ’ ഇ. ശ്രീധരനുമായി നിർണ്ണായക കൂടിക്കാഴ്ച നടത്തും.
തിരുവനന്തപുരത്ത് വെച്ച് വൈകുന്നേരമാണ് മുഖ്യമന്ത്രിയും ഇ. ശ്രീധരനും തമ്മിലുള്ള കൂടിക്കാഴ്ച നിശ്ചയിച്ചിരിക്കുന്നത്. മുൻപ് സിൽവർ ലൈൻ പദ്ധതിക്കെതിരെ ശക്തമായ സാങ്കേതിക-പരിസ്ഥിതി വിയോജിപ്പുകൾ പ്രകടിപ്പിക്കുകയും അതിന് പകരമായി ഒരു ബദൽ അതിവേഗ റെയിൽപ്പാതയുടെ പ്ലാൻ മുന്നോട്ടുവെക്കുകയും ചെയ്ത വ്യക്തിയാണ് ഇ. ശ്രീധരൻ. വി.ഡി. സതീശൻ സർക്കാർ വിഭാവനം ചെയ്യുന്ന പുതിയ റെയിൽ പദ്ധതിയിൽ ഇ. ശ്രീധരൻ സമർപ്പിച്ച ഈ ബദൽ നിർദ്ദേശങ്ങളായിരിക്കും പ്രധാനമായും ചർച്ചാവിഷയമാകുക എന്നാണ് ലഭ്യമാകുന്ന വിവരങ്ങൾ. സിൽവർ ലൈനിന്റെ അശാസ്ത്രീയമായ അലൈൻമെന്റും കല്ലിടലുമടക്കമുള്ള നടപടികൾക്കെതിരെ പ്രതിപക്ഷത്തിരുന്നപ്പോൾ യു.ഡി.എഫ് ശക്തമായ സമരങ്ങൾ നയിച്ചിരുന്നു. ഇന്നത്തെ കൂടിക്കാഴ്ചയ്ക്ക് ശേഷം പദ്ധതിയുടെ പ്രാരംഭ രൂപരേഖ തയ്യാറാക്കുന്നതിലേക്ക് സർക്കാർ കടക്കുമെന്നാണ് സൂചന.

