Sunday, January 11, 2026

എല്ലാ പോരാട്ടങ്ങളിലും ഭാരതത്തിനൊപ്പം ! സമസ്ത മേഖലയിലും സഹകരണം ശക്തമാക്കും ! മോദിയെ സന്ദർശിച്ച് സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്

ദില്ലി : മൂന്ന് ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ സിംഗപ്പൂർ പ്രധാനമന്ത്രി ലോറൻസ് വോങ്ങ്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾക്കാണ് ഹൈദരാബാദ് ഹൗസ് വേദിയായത്. നേരത്തെ വിദേശകാര്യമന്ത്രി എസ്. ജയശങ്കറുമായും ലോറൻസ് വോങ്ങ് കൂടിക്കാഴ്ച നടത്തിയിരുന്നു.

സിംഗപ്പൂർ കമ്പനിയായ പി.എസ്.എ. ഇന്റർനാഷണൽ വികസിപ്പിച്ച മുംബൈയിലെ കണ്ടെയ്‌നർ ടെർമിനലിന്റെ രണ്ടാം ഘട്ടം മോദിയും വോങ്ങും ചേർന്ന് ഉദ്ഘാടനം ചെയ്തു. ചർച്ചകൾക്ക് ശേഷം നടന്ന സംയുക്ത വാർത്താ സമ്മേളനത്തിൽ, ഇന്ത്യയുടെ ആക്ട് ഈസ്റ്റ് നയത്തിൽ സിംഗപ്പൂർ ഒരു പ്രധാന പങ്കാളിയാണെന്ന് മോദി വ്യക്തമാക്കി. ഭീകരതയ്ക്കെതിരായ പോരാട്ടങ്ങളിൽ ഭാരതത്തെ പിന്തുണച്ച സിംഗപ്പൂർ സർക്കാരിനും പ്രധാനമന്ത്രി വോങ്ങിനും മോദി നന്ദി അറിയിച്ചു. അടുത്തിടെ നടന്ന പഹൽഗാം ഭീകരാക്രമണത്തിൽ അനുശോചനം രേഖപ്പെടുത്തിയതിനും മോദി പ്രത്യേകം നന്ദി പറഞ്ഞു.

ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്താനുള്ള പുതിയ വഴികൾ കണ്ടെത്തുമെന്നും, സാങ്കേതികവിദ്യയിലും മറ്റ് സുപ്രധാന മേഖലകളിലും സഹകരണം വർദ്ധിപ്പിക്കുമെന്നും ലോറൻസ് വോങ്ങും വ്യക്തമാക്കി.

Related Articles

Latest Articles