പൂനെ : റോഡിലെ വിഐപി സംസ്കാരം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് കേന്ദ്ര റോഡ് ഗതാഗത മന്ത്രി നിതിൻ ഗഡ്കരി. വിഐപി വാഹനങ്ങളിൽ നിലവിൽ ഉപയോഗിക്കുന്ന സൈറണുകൾ വിലക്കുവാൻ ആലോചിക്കുന്നതായി അദ്ദേഹം ഇന്നലെ വെളിപ്പെടുത്തി.
പൂനെയിലെ ചാന്ദ്‌നി ചൗക്ക് മേൽപ്പാലത്തിന്റെ ഉദ്ഘാടന ചടങ്ങിൽ ജനങ്ങളെ അഭിസംബോധന ചെയ്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. നേരത്തെ വിഐപി വാഹനങ്ങളിൽ ചുവന്ന ബീക്കൺ ലൈറ്റ് ഉപയോഗിച്ചിരുന്ന കീഴ്വഴക്കത്തിന് തടയിട്ടതും ഗഡ്കരിയായിരുന്നു.
ഹോണുകളുടെയും സൈറണുകളുടെയും ശബ്ദത്തിന് പകരം ഇന്ത്യൻ സംഗീതോപകരണങ്ങളുടെ ശാന്തമായ സംഗീതം ഉപയോഗിക്കാനാണ് താൻ ആഗ്രഹിക്കുന്നതെന്നും അത് വഴി ശബ്ദമലിനീകരണത്തിൽ നിന്ന് രക്ഷനേടാനാകുമെന്നും ഗഡ്കരി കൂട്ടിച്ചേർത്തു.
മഹാരാഷ്ട്ര ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന പൂനെയിലെ ചാന്ദ്‌നി ചൗക്ക്, മൾട്ടി ലെവൽ ഫ്‌ളൈ ഓവറുകൾ പദ്ധതികളുടെ ഉദ്‌ഘാടനം അദ്ദേഹം നിർവഹിച്ചു. ഉപമുഖ്യമന്ത്രിമാരായ ദേവേന്ദ്ര ഫഡ്‌നാവിസ്, അജിത് പവാർ എന്നിവരും മറ്റ് പ്രാദേശിക നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു. പദ്ധതിയുടെ ഭാഗമായി 4 മേൽപ്പാലങ്ങളും 1 അണ്ടർപാസ് വീതികൂട്ടലും 2 പുതിയ അണ്ടർപാസുകളും നിർമ്മിച്ചിട്ടുണ്ട്.
16.98 കിലോമീറ്റർ നീളമുള്ള ഫ്ലൈ ഓവറിലൂടെ പൂനെ ബാംഗ്ലൂർ ഹൈവേ NH-48 ലെയും ഹൈവേയുടെ സമീപ പ്രദേശങ്ങളിലെയും ഗതാഗതക്കുരുക്കിന് പരിഹാരമാകും എന്നാണ് കണക്കാക്കുന്നത്. 865 കോടി രൂപയാണ് നിർമ്മാണ ചെലവ്. മുംബൈ-ബാംഗ്ലൂർ ഹൈവേയുടെ ഇരുവശങ്ങളിലും 2-വരി ഇന്റേണൽ, 2-ലെയ്ൻ എക്‌സ്‌റ്റേണൽ സർവീസുകൾ, ഒരേ ഇന്റർചേഞ്ചിൽ നിന്ന് 8 വ്യത്യസ്ത ദിശകളിലേക്ക് പോകാൻ മൊത്തം 8 റാമ്പുകൾ എന്നിവയും പദ്ധതിയുടെ ഭാഗമായി നിർമ്മിച്ചു.

