Wednesday, June 12, 2024
spot_img

രാജ്യത്ത് കോവിഡ് വ്യാപനം ഫെബ്രുവരിയോടെ അവസാനിക്കും; ആശ്വാസമായി പഠന റിപ്പോർട്ട്

ദില്ലി: രാജ്യത്ത് കോവിഡ് (Covid India) തീവ്ര വ്യാപനം കുറഞ്ഞെന്ന് പഠന റിപ്പോർട്ട്. ആർ വാല്യുവിലെ കുറവ് മുൻനിർത്തിയാണ് മദ്രാസ് ഐഐടി പഠന റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. രോഗബാധിതനായ വ്യക്തിയിൽ നിന്ന് എത്ര പേരിലേക്ക് രോഗം പകരാം എന്നത് കണക്കാക്കിയാണ് ആർ വാല്യു നിശ്ചയിക്കുന്നത്. ഐഐടി മദ്രാസിലെ ഗണിതശാസ്ത്ര വകുപ്പും കമ്പ്യൂട്ടേഷണൽ മാത്തമാറ്റിക്‌സ് ആൻഡ് ഡാറ്റാ സയൻസിലെ സെന്റർ ഓഫ് എക്‌സലൻസും ചേർന്ന് കമ്പ്യൂട്ടേഷണൽ മോഡലിംഗിലൂടെയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.

ജനുവരി 14 മുതൽ 21 വരെയുള്ള ആഴ്ചയിൽ കോവിഡ് വൈറസിന്റെ വ്യാപന നിരക്ക് 1.57 ആയി കുറഞ്ഞുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. ഈ മൂല്യം 1-ൽ താഴെ വന്നാൽ കോവിഡ് മഹാമാരി അവസാനത്തോട് അടുത്തതിന്റെ സൂചനയാണെന്നാണ് വിദഗ്ധർ പറയുന്നത്. അതേസമയം ഫെബ്രുവരി 6 വരെ കോവിഡ് അതിന്റെ പാരമ്യത്തിൽ എത്തുമെന്നും അതിന് ശേഷം കുറഞ്ഞു തുടങ്ങുമെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.

എന്നാൽ ഡിസംബർ 25 മുതൽ 31 വരെ 2.9 ആയിരുന്നു ആർ വാല്യു. ജനുവരി 1 മുതൽ 6 വരെ 4ഉം, ജനുവരി 7 മുതൽ 13 വരെ 2.2ഉം ആർ വാല്യു രേഖപ്പെടുത്തി. കഴിഞ്ഞ ആഴ്ചയിലെ ആർ വാല്യുവാണ് 1.57 ആയി കുറഞ്ഞത്. കൊറോണ വ്യാപനം ഏറ്റവും കൂടുതൽ രേഖപ്പെടുത്തിയ പ്രധാന നഗരങ്ങളിലെ ആർ വാല്യു ഇപ്രകാരമാണ്. മുംബൈ- 0.67, ദില്ലി – 0.98, ചെന്നൈ – 1.2, കൊൽക്കത്ത – 0.56. മുംബൈയിലേയും കൊൽക്കത്തയിലേയും കൊറോണ വ്യാപനം അതിന്റെ ഏറ്റവും ഉയർന്ന സ്ഥിതി പിന്നിട്ടു കഴിഞ്ഞതായി ഐഐടി അസിസ്റ്റന്റ് പ്രഫ.ഡോ.ജയന്ത് ഝാ പറഞ്ഞു. ഇവിടങ്ങളിലെല്ലാം കോവിഡ് അതിന്റെ അവസാനത്തിലേക്കെത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Latest Articles