ഹോങ്കോങ് : ഉയരം കൂടിയ കെട്ടിടങ്ങളുടെ മുകളിൽ കയറി സാഹസിക വീഡിയോകൾ ചിത്രീകരിച്ച് പ്രശസ്തനായ ഫ്രഞ്ച് സാഹസികൻ റെമി ലൂസിഡി 68 നില കെട്ടിടത്തിന്റെ മുകളിൽനിന്നു വീണു മരിച്ചു. ട്രെഗണ്ടർ ടവർ കോംപ്ലക്സിനു മുകളിൽ നിന്നാണു ഇയാൾ വീണതെന്നാണ് വിവരം. കെട്ടിടത്തിന്റെ ഏറ്റവും മുകളിലുള്ള പെന്റ്ഹൗസിന് പുറത്ത് കുടുങ്ങിപ്പോയ ലൂസിഡി, താൻ കുടുങ്ങിയ വിവരം ജീവനക്കാരെ അറിയിക്കാനായി പെന്റ്‌ഹൗസിന്റെ ജനലിൽ അടിച്ചതിന് പിന്നാലെ കാൽവഴുതി താഴേക്ക് പതിക്കുകയായിരുന്നു.
നാൽപ്പതാം നിലയിലുള്ള തന്റെ ഒരു സുഹൃത്തിനെ കാണാനെന്നു പറഞ്ഞാണ് വൈകുന്നേരം ആറുമണിയോടെ ഇയാൾ കെട്ടിടത്തിലെത്തിയത്. എന്നാൽ ലൂസിഡിയെ അറിയില്ലെന്നു 40ാം നിലയില്‍ താമസിക്കുന്ന ആൾ പറഞ്ഞതോടെ സുരക്ഷാ ഉദ്യോഗസ്ഥൻ ഇയാളെ തടയാൻ ശ്രമിച്ചുവെങ്കിലും ഇതിനിടയിൽ ലൂസിഡി ലിഫ്റ്റിൽ കയറിയിരുന്നു. 49ാമത്തെ നിലയിൽ ലൂസിഡി എത്തുന്നതും തുടർന്നു പടിക്കെട്ടുകൾ വഴി കെട്ടിടത്തിന്റെ മുകളിലേക്കു പോകുന്നതും സിസിടിവി ദൃശ്യങ്ങളിലുണ്ട്. പെന്റ്ഹൗസിന്റെ ജനലിൽ ലൂസിഡി തട്ടിയതോടെ പേടിച്ചുപോയ അപ്പാർട്ട്മെന്റിലെ ജോലിക്കാരി പോലീസിനെ വിളിക്കുകയായിരുന്നു. ലൂസിഡിയുടെ ക്യാമറ സംഭവസ്ഥലത്തുനിന്നും പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഇത് പരിശോധിക്കുന്നതിലൂടെ അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാനാകുമെന്നാണ് കരുതുന്നത്.

