പമ്പ: ശബരിമല കൊപ്രാകളത്തിൽ പുകയുയർന്നത് പരിഭ്രാന്തി പരത്തി. ഇന്ന് വൈകുന്നേരം അഞ്ചുമണിയോടെ കൊപ്ര ഉണങ്ങാനിട്ട ഷെഡിലാണ് പുകയുയർന്നത്. ഉടൻ തന്നെ ഫയർഫോഴ്സെത്തി സാഹചര്യം നിയന്ത്രണവിധേയമാക്കി. രണ്ട് ദിവസം നല്ല മഴയായതിനാൽ കൊപ്ര കരാർ എടുത്തവർ ഷെഡ്‌ഡിൽ കുറച്ചധികം കൊപ്ര സൂക്ഷിച്ചിരുന്നു. ഇതിൽ നിന്നാണ് പുക ഉയർന്നത്.
പുകയുയരുന്നത് കണ്ടതോടെ ജീവനക്കാർ ഉടനടി ഫയർഫോഴ്സിനെ വിവരം അറിയിക്കുകയും സമീപത്ത് ഉണ്ടായിരുന്ന ഫയർഫോഴ്സ് സംഘം സ്ഥലത്തെത്തി തീ പടരാതെ സ്ഥിതിഗതികൾ നിയന്ത്രിക്കുകയും ചെയ്തു. തീപിടിത്തത്തിലേക്ക് സാഹചര്യങ്ങൾ പോയില്ലെന്നും അതിനുമുമ്പ് നിയന്ത്രണവിധേയമാക്കിയതായും ശബരിമല എഡിഎം അരുൺ എസ് നായർ ഐഎഎസ് വ്യക്തമാക്കി. കൊപ്രാകളത്തിന്റെ അപകടകരമായ സാഹചര്യം കണക്കിലെടുത്ത് ഫയർ ഓഡിറ്റ് നടത്തിയിരുന്നതായും ഫയർ ആൻഡ് റെസ്ക്യൂവിന്റെ ഒരു സംഘം പ്രദേശത്തുണ്ടെന്നും അദ്ദേഹം പറഞ്ഞു.

