Tuesday, October 27, 2026

തലശ്ശേരിയിലെ കാർ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്! സാമ്പത്തിക തിരിമറി മറയ്ക്കാൻ ജീവനക്കാരൻ സ്ഥാപനത്തിന് തീയിട്ടതാണെന്ന് പോലീസ് ;പ്രതി സജീർ അറസ്റ്റിൽ

കണ്ണൂർ തലശ്ശേരിയിലെ കാർ ഷോറൂമിലുണ്ടായ തീപിടുത്തത്തിൽ അപ്രതീക്ഷിത വഴിത്തിരിവ്. സാമ്പത്തിക തിരിമറി മറയ്ക്കാൻ ജീവനക്കാരനായ വയനാട് സ്വദേശിയാണ് സ്ഥാപനത്തിന് തീയിട്ടതെന്ന് പോലീസ് കണ്ടെത്തി. സംഭവത്തിൽ വയനാട് തേറ്റമല സ്വദേശി സജീർ അറസ്റ്റിലായി. ഇക്കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയാണ് ചിറക്കരയിലെ ഇൻഡക്സ് ഗ്രൂപ്പിന്‍റെ കാർ ഷോറൂമിൽ തീപിടുത്തമുണ്ടായത്. അഗ്നിബാധയിൽ മൂന്ന് മാരുതി കാറുകളാണ് കത്തിനശിച്ചത്. നാൽപ്പത് ലക്ഷത്തോളം രൂപയുടെ നഷ്ടമാണുണ്ടായത്.

പരിശോധനയിൽ നിന്ന് കാറുകള്‍ക്ക് തീപിടിച്ചതല്ല, മനപൂര്‍വം ആരോ തീയിട്ടതാണെന്ന സംശയം ബലപ്പെട്ടു. ഷോറൂമിലെ സിസിടിവി ദൃശ്യങ്ങളും പോലീസ് പരിശോധിച്ചു. പുലർച്ചെ 3.40ന് ഒരാൾ വാഹനങ്ങൾക്ക് മുകളിൽ ദ്രാവകമൊഴിച്ച് തീയിടുന്നതിന്‍റെ അവ്യക്തമായ ദൃശ്യങ്ങൾ കിട്ടി. സ്ഥാപനത്തിലെ ജീവനക്കാരനായ സജീറിലാണ് അന്വേഷണം ചെന്നെത്തിയത്. രണ്ട് വർഷമായി സ്ഥാപനത്തിലെ ഫീൽഡ് എക്സിക്യുട്ടീവാണ് സജീര്‍. പിടിയിലായ സജീർ കുറ്റം സമ്മതിച്ചു.

ഉപഭോക്താക്കളിൽ നിന്ന് വാങ്ങിയ പണം ഷോറൂമിൽ അടക്കാതെയും വ്യാജ രസീത് നൽകിയും സജീർ മുപ്പത് ലക്ഷത്തോളം രൂപ തിരിമറി നടത്തി. സംഭവത്തിൽ പരാതി വരുമെന്നായപ്പോൾ പ്രതി കണ്ടെത്തിയ ഉപായമായിരുന്നു തീയിടൽ. പുത്തൻ കാറുകൾ കത്തിച്ചാൽ, മുഴുവൻ ശ്രദ്ധ അതിലാകുമെന്നും ഉടൻ പിടിക്കപ്പെടില്ലെന്നും കരുതിയാണ് സജീർ പുതിയ കാറുകൾക്ക് തീയിട്ടതെന്ന് പോലീസ് പറഞ്ഞു. പ്രതിയെ സ്ഥലത്തെത്തിച്ച് തെളിവെടുത്തു.

Related Articles

Latest Articles