ദില്ലി: രാജ്യത്തെ ഇന്ധനവില വർധനവിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയുമായി വാക്കേറ്റത്തിൽ ഏർപ്പെട്ട് മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ നെറ്റ ഡിസൂസ. ദില്ലി-ഗുവാഹത്തി വിമാനത്തിലാണ് സംഭവം നടന്നത്. തര്‍ക്കത്തിന്റെ വീഡിയോ നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തു.
കേന്ദ്രമന്ത്രി സ്മൃതി ഇറാനിയെ ഗുവാഹത്തിയിലേക്കുള്ള യാത്രയ്ക്കിടെ കണ്ടുവെന്നും എല്‍പിജിയുടെ വിലക്കയറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, വാക്സിനുകളേയും എന്തിന് പാവങ്ങളെപ്പോലും അവര്‍ കുറ്റപ്പെടുത്തിയെന്നുമാണ് ഡിസൂസ ട്വിറ്ററിലൂടെ പറയുന്നത്.
സാധാരണക്കാരുടെ ദുരിതത്തോട് കേന്ദ്ര മന്ത്രി എങ്ങനെയാണ് പ്രതികരിക്കുന്നതെന്ന് മനസ്സിലാക്കാന്‍ ഈ വീഡിയോ കാണുകയെന്ന തലക്കെട്ടോടു കൂടിയാണ് നെറ്റ ഡിസൂസ ട്വീറ്റ് ചെയ്തത്. വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.
അതേസമയം, അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടെങ്കിൽ അവ മാന്യമായ ഭാഷയിലാണ് അവതരിപ്പിക്കേണ്ടതെന്നും, കേന്ദ്രമന്ത്രിയോട് ഇത്തരത്തിൽ അപമര്യാദയായി പെരുമാറുന്നത് ജനാധിപത്യപരമല്ലെന്നുമുള്ള അഭിപ്രായവുമായി നിരവധിപേർ രംഗത്ത് എത്തിയിട്ടുണ്ട്.

