മോദി പരാമർശവുമായി ബന്ധപ്പെട്ട അപകീർത്തിക്കേസിൽ രാഹുൽ കുറ്റക്കാരനാണെന്നു കണ്ടെത്തിക്കൊണ്ടുള്ള സൂറത്ത് മജിസ്ട്രേറ്റ് കോടതിയുടെ ശിക്ഷാവിധി സ്റ്റേ ചെയ്യാൻ ഗുജറാത്ത് ഹൈക്കോടതി വിസമ്മതിച്ചതിന് പിന്നാലെ സോഷ്യൽ മീഡിയയയിലും കടുത്ത വിമർശനത്തിനിരയായി കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി . കർഷകർക്കൊപ്പം വയലിൽ ഞാറു നടുന്ന രാഹുൽ ഗാന്ധിയുടെ ചിത്രം നേരത്തെ വൈറലായിരുന്നു. എന്നാൽ ഇത് ഫോട്ടോഷൂട്ടായിരുന്നുവെന്ന് തെളിയിക്കുന്ന ചിത്രങ്ങൾ സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായതോടെയാണ് കാര്യങ്ങൾ കൈവിട്ട് പോയത്.

നേരത്തെ അമേരിക്കൻ സന്ദർശനത്തിനിടെ രാഹുൽ വാഷിങ്‌ടനിൽനിന്നു ന്യൂയോർക്കിലേക്ക് 190 കിലോമീറ്റർ ട്രക്ക് യാത്ര നടത്തിയതായും യാത്രയ്ക്കിടെ രാഹുൽ ഇന്ത്യൻ വംശജരായ ഡ്രൈവർമാരുമായി സംഭാഷണം നടത്തിയതായും മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. എന്നാൽ രാഹുൽ സഞ്ചരിച്ചിരുന്ന ട്രക്ക് ഓടിച്ചിരുന്നത് സാധാരണ ഡ്രൈവറല്ലെന്നും, ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസിന്റെ അമേരിക്കയിലെ പ്രസിഡന്റാണെന്നുമുള്ള വിവരങ്ങൾ പിന്നീട് പുറത്തു വന്നു. ട്രക്ക് ഓടിച്ചിരുന്ന തൽജീന്ദർ സിങ് വിക്കി ഗിൽ ഇന്ത്യൻ ഓവർസീസ് യൂത്ത് കോൺഗ്രസ് അമേരിക്കയുടെ (ഐഒവൈസിഎ) പ്രസിഡന്റാണെന്നാണ് പുതിയ വിവരം. ഇതെല്ലാം മുൻകൂട്ടി പദ്ധതിയിട്ട് നടപ്പാക്കിയ പിആർ വർക്കാണെന്നാണ് റിപ്പോർട്ടുകൾ .

