Friday, May 3, 2024
spot_img

ചിലർ തെറ്റിദ്ധാരണ ഉണ്ടാക്കുന്നു ; പൗരത്വ നിയമ ഭേദഗതി മുസ്ലിങ്ങൾക്ക് എതിരല്ല ! ഇന്ത്യയിലെ മുസ്ലീങ്ങൾ സിഎഎയെ സ്വാഗതം ചെയ്യണമെന്ന് അഖിലേന്ത്യ മുസ്ലിം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി

ബറേലി : പൗരത്വ ഭേദഗതി നിയമത്തെ സ്വാഗതം ചെയ്ത് അഖിലേന്ത്യാ മുസ്ലീം ജമാഅത്ത് പ്രസിഡന്റ് മൗലാന ഷഹാബുദ്ദീൻ റസ്വി ബറേൽവി. ഇന്ത്യയിലെ മുസ്ലീങ്ങളെ ഇത് ഒരു രീതിയിലും ബാധിക്കില്ലെന്നും വ്യാജപ്രചാരണങ്ങളെ ചെറുക്കണമെന്നും മൗലാന ഷഹാബുദ്ദീൻ ആവശ്യപ്പെട്ടു. കൂടാതെ ഇത് വളരെ നേരത്തെ തന്നെ നടപ്പാക്കേണ്ട ഒന്നായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അൽപ്പം വൈകിയാണെങ്കിലും വളരെ മികച്ച നീക്കമാണ് കേന്ദ്രത്തിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത് എന്ന് മാത്രമാണ് പറയാനുള്ളത്. ഈ നിയമവുമായി ബന്ധപ്പെട്ട് രാജ്യത്തെ മുസ്ലീങ്ങൾക്കിടയിൽ വലിയ രീതിയിൽ തെറ്റിദ്ധാരണകൾ പ്രചരിക്കുന്നുണ്ട്. എന്നാൽ, മുസ്ലീങ്ങൾക്കെതിരെയുള്ള നിയമമല്ല ഇത്. പാകിസ്ഥാൻ, അഫ്ഗാനിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്ന് മതപരമായ പീഡനം അനുഭവിക്കേണ്ടി വന്നതിനെ തുടർന്ന് ഇന്ത്യയിലെത്തി അഭയം പ്രാപിച്ചവർക്ക് വേണ്ടിയുള്ളതാണ് ഈ നിയമം. ഇത്തരത്തിൽ അതിക്രമങ്ങൾ നേരിട്ടവർക്ക് പൗരത്വം നൽകുന്ന നിയമം നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നില്ലെന്നും ഷഹാബുദ്ദീൻ റസ്വി ബറേൽവി പറയുന്നു.

എന്തായാലും, കോടിക്കണക്കിന് വരുന്ന മുസ്ലീങ്ങളെ ഈ നിയമം ഒരു രീതിയിലും മോശമായി ബാധിക്കാൻ പോകുന്നില്ല. ഒരു മുസ്ലീം പൗരന്റെ പൗരത്വം പോലും ഇതുമൂലം നഷ്ടമാവുകയുമില്ല. കഴിഞ്ഞ വർഷങ്ങളിൽ ഇതിന്റെ പേരിലുണ്ടായ പ്രതിഷേധ പ്രകടനങ്ങൾ നമ്മളെല്ലാം കണ്ടതാണ്. രാഷ്‌ട്രീയക്കാർ മുസ്ലീങ്ങൾക്കിടയിൽ തെറ്റിദ്ധാരണകൾ ഉണ്ടാക്കാൻ ശ്രമിക്കുകയാണ്. യാഥാർത്ഥ്യം എന്താണെന്ന് മനസിലാക്കിക്കൊണ്ട് ഓരോ മുസ്ലീം പൗരനും സിഎഎയെ സ്വാഗതം ചെയ്യണമെന്നും ഒരാളുടെ പോലും പൗരത്വം എടുത്തുകളയാൻ ഈ നിയമത്തിന് സാധിക്കില്ലെന്നും ഷഹാബുദ്ദീൻ റസ്വി ബറേൽവി കൂട്ടിച്ചേർത്തു.

Related Articles

Latest Articles