Tuesday, April 23, 2024
spot_img

സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനം ആകാശച്ചുഴിയിൽപ്പെട്ട സംഭവം; സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി

മുംബൈയിൽ നിന്ന് ദുർഗാപൂരിലേക്കുള്ള സർവീസിനിടെ വിമാനം അപകടത്തിൽപ്പെട്ട സംഭവത്തിൽ രണ്ട് സ്പൈസ് ജെറ്റ് ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുത്തു. സ്‌പൈസ് ജെറ്റ് ബോയിംഗ് ബി 737 വിമാനമാണ് അപകടത്തിൽപ്പെട്ടത്. യാത്രക്കിടെ വിമാനം ആകാശച്ചുഴിയിൽപെടുകയായിരുന്നു. ഇരുവരെയും ജോലിയിൽനിന്നു നീക്കി. ഔദ്യോഗിക അന്വേഷണത്തിനു മുൻപേ വിമാനത്തെ ദുർഗാപൂരിൽനിന്ന് കൊൽക്കത്തയിലേക്കു പോകാൻ അനുവദിച്ചതിനു ആണ് നടപടി.

എയർക്രാഫ്റ്റ് മെയ്ന്റനൻസ് എൻജിനീയർ, സ്പൈസ് ജെറ്റ് മെയിന്റനൻസ് കൺട്രോൾ സെന്റർ ഇൻ ചാർജ് എന്നീ ഉദ്യോഗസ്ഥരെയാണു മാറ്റിനിർത്തിയിരിക്കുന്നതെന്ന് ഡിജിസിഎ അറിയിച്ചു. ആകാശച്ചുഴിയിൽപെട്ടതിനെ തുടർന്ന് വിമാനത്തിലുണ്ടായിരുന്ന പതിനാലു യാത്രക്കാർക്കും മൂന്നു ജീവനക്കാർക്കുമാണു പരുക്കേറ്റത്. ഉടനെ തന്നെ വിമാനം ദുർ​ഗാപൂരിൽ സുരക്ഷിതമായി ഇറക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു. ദുർഗാപൂരിൽ എത്തിയ ഉടൻ യാത്രക്കാർക്ക് വൈദ്യസഹായം നൽകുകയും ചെയ്തു.

അപകടം നടന്നത് ദൗർഭാ​ഗ്യകരമാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും സ്പൈസ് ജെറ്റ് പ്രതികരിച്ചിരുന്നു. രണ്ട് യാത്രക്കാരാണ് ദുർഗാപൂരിലെ ആശുപത്രിയിൽ ഐസിയുവിലുള്ളത്. ബാഗുകൾ വീണു യാത്രക്കാർക്ക് തലയ്ക്ക് പരുക്കേറ്റു. മിക്കവർക്കും തലയിൽ തുന്നലുണ്ട്. ഒരു യാത്രക്കാരനു നട്ടെല്ലിന് സാരമായ പരുക്കേറ്റതായും റിപ്പോർട്ടുകളുണ്ട്.

Related Articles

Latest Articles