Saturday, May 18, 2024
spot_img

ദുരിതക്കയത്തിൽ ലങ്ക: ജനം തെരുവിൽ; പ്രതിഷേധം വിലക്കയറ്റത്തെത്തുടർന്ന്; അടിയന്തിര സഹായവുമായി ഇന്ത്യ; 7000 കോടി വായ്പ നൽകും

കൊളംബോ: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുന്ന ശ്രീലങ്കയ്ക്ക് (Economic Crisis In Sri Lanka) സഹായഹസ്തവുമായി ഇന്ത്യ. അവശ്യസാധനങ്ങൾ പോലും ജനങ്ങൾക്ക് നൽകാനാകാതെ ഭരണകൂടം വിഷമിക്കുകയാണ്. ചൈനയുണ്ടാക്കിയ സാമ്പത്തിക കടക്കെണിക്കുപുറമേ അഴിമതി ഭരണവും ലങ്കയെ നശിപ്പിക്കുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്.

ഇതിനിടെ ഭക്ഷ്യ പ്രതിസന്ധിയും ഊർജ്ജ പ്രതിസന്ധിയും പരിഹരിക്കാൻ ഇന്ത്യയുടെ അടിയന്തിര സഹായം ലങ്ക ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെ സാമ്പത്തികമായ പ്രതിസന്ധി പരിഹരിക്കാൻ മാത്രം 7000 കോടി വായ്പയായി നൽകാനാണ് ഇന്ത്യയുടെ തീരുമാനം. വിദേശനാണയം ഇല്ലാത്തതിനാൽ രൂക്ഷമായ വിലക്കയറ്റത്തിൽ വലഞ്ഞ ജനം പ്രസിഡന്‍റിനെതിരെ കലാപവുമായി തെരുവിൽ. ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയിൽ പ്രസിഡന്‍റ് ഗോതബയ രാജപക്സ ഉടനടി രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധം കത്തിപ്പടരുകയാണ്. സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരം കണ്ടെത്താനായി ശ്രീലങ്കൻ രൂപയുടെ മൂല്യം 36 ശതമാനം സർക്കാർ കുറച്ചിരുന്നു.

ഇതോടെ അവശ്യസാധനങ്ങളുടെ വില കുതിച്ചുയർന്നു. യുദ്ധകാലത്ത് പോലും കാണാത്ത പ്രതിസന്ധിയിൽ അരി കിലോയ്ക്ക് 448 ലങ്കൻ രൂപ(128 ഇന്ത്യൻ രൂപ) യാണ് വില. ഒരു ലിറ്റർ പാൽ വാങ്ങാൻ 263 (75 ഇന്ത്യൻ രൂപ) ലങ്കൻ രൂപയാവും. പെട്രോളിനും ഡീസലിനും നാൽപ്പത് ശതമാനം വില കൂടി. ഇതോടെ ഇന്ധനക്ഷാമം രൂക്ഷമായി. മണിക്കൂറുകളോളം കാത്തുകെട്ടിക്കിടക്കണം ഇപ്പോൾ പെട്രോളും ഡീസലും കിട്ടാൻ. അതിൽ തന്നെ ലിറ്ററിന് 283 ശ്രീലങ്കൻ രൂപയാണ് പെട്രോളിന്. ഡീസൽ ലിറ്ററിന് 176 ശ്രീലങ്കൻ രൂപ. രാജ്യത്തെ ഗതാഗതസംവിധാനം തന്നെ താറുമാറായ അവസ്ഥയാണ്.

വൈദ്യുതിനിലയങ്ങൾ പ്രവർത്തനമൂലധനമില്ലാത്തതിനാൽ അടച്ചിട്ടിരിക്കുകയാണ് സർക്കാർ. ഇതോടെ ദിവസം ഏഴരമണിക്കൂർ പവർകട്ടാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പതിറ്റാണ്ടുകൾക്കിപ്പുറം സാമ്പത്തികപ്രതിസന്ധിയിൽ തകർന്നടിഞ്ഞിരിക്കുകയാണ് ശ്രീലങ്കൻ സാമ്പത്തികമേഖല. വിദേശനാണയം തീർന്ന് രാജ്യം പ്രതിസന്ധിയിലായതോടെ അവശ്യസാധനങ്ങൾ ഇറക്കുമതി ചെയ്യാൻ നിവൃത്തിയില്ലാതെയായി. ഇപ്പോൾ അന്താരാഷ്ട്ര നാണ്യനിധിയുടെയും ഇന്ത്യയുടെയുമെല്ലാം സഹായം തേടിയിരിക്കുകയാണ് ശ്രീലങ്ക. ഐഎംഎഫിൽ നിന്ന് വായ്പ സംഘടിപ്പിക്കാനുള്ള നടപടികൾ ഉടൻ തുടങ്ങുമെന്നാണ് വിവരം.

Related Articles

Latest Articles