Tuesday, May 21, 2024
spot_img

അയ്യപ്പസ്വാമിയ്ക്ക് നാളെ ആറാട്ട്; പള്ളിവേട്ട ഇന്ന്

പമ്പ: ശബരിമല പൈങ്കുനി ഉത്രം മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പസ്വാമിക്ക് നാളെ രാവിലെ 11.30ന് പമ്പയിൽ ആറാട്ട് (Sabarimala Arrattu). അതേസമയം ഒൻപതാം ഉത്സവമായ ഇന്ന് രാത്രി 10ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. രാത്രി 8ന് ശ്രീഭൂതബലി ചടങ്ങുകൾ തുടങ്ങും.

ശ്രീഭൂതബലിയുടെ നാലും വിളക്ക് എഴുന്നള്ളിപ്പിന്റെ മൂന്നും പ്രദക്ഷിണങ്ങൾ പൂർത്തിയാക്കി പള്ളിവേട്ട ചടങ്ങിനായി ശരംകുത്തിയിലേക്കു നീങ്ങും. ഏറ്റവും മുന്നിൽ അമ്പും വില്ലും ഏന്തി വേട്ടക്കുറുപ്പ്. പിന്നാലെ തന്ത്രിയും മേൽശാന്തിയും പരിവാരങ്ങളും. ശരംകുത്തിയിൽ പ്രത്യേകം തയാർ ചെയ്ത സ്ഥാനത്താണു പള്ളിവേട്ട.തന്ത്രി കണ്ഠര് മഹേഷ് മോഹനര് കാർമികത്വം വഹിക്കും. ആറാട്ട് ആയതിനാൽ നാളെ നെയ്യഭിഷേകവും ദർശനവും കുറച്ചു സമയം മാത്രമേയുണ്ടാകൂ. പുലർച്ചെ 5നു ശ്രീകോവിലിനു പുറത്താണ് പള്ളിയുണർത്തൽ.

അതിനു ശേഷം അകത്തേക്ക് എഴുന്നള്ളിച്ച് അഭിഷേകം ആരംഭിക്കും. രാവിലെ ഏഴു വരെ മാത്രമേ നെയ്യഭിഷേകം ഉണ്ടാകൂ. രാവിലെ ഒൻപത് വരെയാണ് ദർശനം. ആറാട്ടിനായി പമ്പയ്ക്കു പോകുന്നത് നട അടച്ചാണ് .സന്ധ്യയോടെ മാത്രമേ തിരികെഎത്തൂ. അതുവരെ ദർശനം ഇല്ല. ഉത്സവകാല പൂജകൾ പൂർത്തിയാക്കി നാളെ വൈകിട്ട് 7ന് കൊടിയിറക്കും.

Related Articles

Latest Articles