Sunday, May 19, 2024
spot_img

ലങ്കയിൽ ക്ഷാമം രൂക്ഷം; മരുന്നുകളില്ല, ശസ്ത്രക്രിയകൾ നിർത്തിവച്ചു, സഹായിക്കാനൊരുങ്ങി ഇന്ത്യ

കൊളംബോ: ശ്രീലങ്കയിൽ സ്ഥിതി രൂക്ഷമാവുകയാണ്. സാമ്പത്തിക പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസ്ഥയിൽ അവശ്യമരുന്നുകളുടെ ക്ഷാമവും ശ്രീലങ്ക നേരിടുകയാണ്. ഇതിനെ തുടർന്ന് ശസ്ത്രക്രിയകൾ നിർത്തിവച്ചു. അടിയന്തിര പ്രാധാന്യമുള്ള ശസ്ത്രക്രിയകൾ മാത്രമാണ് ഇപ്പോൾ നടത്തുന്നത്. ലങ്കൻ സർക്കാർ ഇതുസംബന്ധിച്ച് ട്വീറ്റ് ചെയ്തിരുന്നു.

അതിന്പിന്നാലെ പ്രതിസന്ധി മറികടക്കാൻ ശ്രീലങ്കയ്‌ക്ക് തുടർന്നും സഹായം ചെയ്യുമെന്ന് ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയ്ശങ്കർ അറിയിച്ചു. മൂന്ന് ദിവസത്തെ ശ്രീലങ്കൻ സന്ദർശനത്തിനെത്തിയ ജയ്ശങ്കർ ഇന്നലെ പ്രസിഡന്റ് ഗോതബയ രാജപക്‌സെയുമായി കൂടിക്കാഴ്‌ച്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിലാണ് സഹായം നൽകാമെന്ന് ഉറപ്പ് നൽകിയത്.

സെൻട്രൽ കാൻഡി ജില്ലയിലെ പെരഡെനിയ ആശുപത്രിയിലാണ് ശസ്ത്രക്രിയകൾ നിർത്തിവെച്ചത്. എല്ലാ ശസ്ത്രക്രിയകളും നിർത്തിവെച്ചതായി ആശുപത്രി ഡയറക്ടർ അറിയിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ജയ്ശങ്കർ ആരോഗ്യമേഖലയിലും സഹായം ഉറപ്പാക്കിയത്. ശ്രീലങ്കയിലെ ഇന്ത്യൻ എംബസിയേയും ഇന്ത്യൻ ഹൈക്കമീഷൻ ഗോപാൽ ബാഗ്ലേയും വിളിച്ച് സ്ഥിതിഗതികൾ നിരീക്ഷിക്കാനും സഹായം ഉറപ്പാക്കാനും നിർദ്ദേശിച്ചു. ആശുപത്രി മേഖലയിലെ പ്രതിസന്ധിയിൽ ഇന്ത്യയ്‌ക്ക് എങ്ങനെ സഹായിക്കാനാകുമെന്ന് വിലയിരുത്താനാണ് അദ്ദേഹം നിർദ്ദേശിച്ചത്.

Related Articles

Latest Articles