കൊളംബോ: ശ്രീലങ്കയിൽ പ്രതിഷേധം അതിര് കടക്കുകയാണ്. ഈ സാഹചര്യത്തിൽ പൊതുമുതൽ നശിപ്പിക്കുന്നവരെ കണ്ടാൽ ഉടൻ വെടിവെയ്ക്കണമെന്ന് സർക്കാർ ഉത്തരവിട്ടു. പ്രതിരോധ മന്ത്രാലയ വക്താവ് നാളിൻ ഹേരത്താണ് ഇക്കാര്യം വ്യക്തമാക്കിയത്.
പൊതുമുതൽ നശിപ്പിക്കുക, ആരെയെങ്കിലും ശാരീരികമായി ഉപദ്രവിക്കുക തുടങ്ങിയ കുറ്റകൃത്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ അങ്ങനെ ചെയ്യുന്നവരെ ഉടൻ വെടിവെയ്ക്കണമെന്നാണ് ഉത്തരവ്. തിങ്കളാഴ്ചയാണ് ശ്രീലങ്കയിൽ സംഘർഷം കടുത്തത്. സംഘർഷത്തിൽ പ്രതിഷേധിച്ച ഏഴ് പേർ കൊല്ലപ്പെടുകയും 250ഓളം പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇതിന് പിന്നാലെയാണ് സാഹചര്യം കൂടുതൽ സങ്കീർണമാക്കുന്ന തരത്തിലുള്ള ഉത്തരവ് സർക്കാർ പുറപ്പെടുവിച്ചത്.
നിലവിൽ ശ്രീലങ്കൻ സൈന്യത്തിനും പോലീസിനും പ്രത്യേക അധികാരവും അനുവദിച്ചിട്ടുണ്ട്. സംഘാർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ മെയ് 11 വരെ അടിയന്തിരാവസ്ഥ തുടരും. ഇതിനിടെ മന്ത്രിസഭയിലുള്ള 41 പേരുടെ വീടുകൾ ജനങ്ങൾ കത്തിച്ചു. ഹമ്പൻടോട്ടയിലുള്ള രാജപക്സെ കുടുംബത്തിന്റെ വീടും പ്രക്ഷോഭകർ കത്തിച്ചിട്ടുണ്ട്.

