Wednesday, May 29, 2024
spot_img

പ്രായപൂര്‍ത്തിയാകാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്കെതിരെ കര്‍ശന നടപടി

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാതെ ഇരുചക്ര വാഹനങ്ങള്‍ ഓടിക്കുന്ന കുട്ടികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും. സെപ്റ്റംബര്‍ ഒന്നു മുതല്‍ മോട്ടോര്‍ വാഹനഭേദഗതി നിയമം പ്രാബല്യത്തില്‍ വരുന്നതിന്റെ പശ്ചാത്തലത്തിലാണിത്. സ്കൂളുകളിലേക്കും ട്യൂഷന്‍ സെന്ററുകളിലേക്കും വാഹനമോടിച്ചെത്തുന്ന പ്രായപൂര്‍ത്തിയാകാത്തവരെ കേന്ദ്രീകരിച്ചാകും പ്രധാനമായും പരിശോധന.

മോട്ടര്‍ വാഹന നിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള ശിക്ഷാനടപടികളാകും ഇവര്‍ക്കെതിരെ സ്വീകരിക്കുക. ഇതു പ്രകാരം, വാഹനമോടിച്ചയാള്‍ക്ക് 25 വയസു വരെ ലൈസന്‍സ് അനുവദിക്കില്ല. പ്രായപൂര്‍ത്തിയാകാത്തവര്‍ ഓടിക്കുന്ന വാഹനങ്ങളുടെ റജിസ്ട്രേഷന്‍ ഒരു വര്‍ഷത്തേക്കു റദ്ദാക്കുകയും ചെയ്യും.

കൂടാതെ വാഹനമോടിച്ച ആള്‍ക്ക് 25,000 രൂപ പിഴയും 3 വര്‍ഷം വരെ തടവും ചുമത്താം. പിഴ അടച്ചില്ലെങ്കില്‍ ഓരോ വര്‍ഷവും ഇതില്‍ 10% വര്‍ധനയുണ്ടാകും. ഭേദഗതി ചെയ്ത നിയമം അനുസരിച്ച്‌ സ്വീകരിക്കേണ്ട നടപടികള്‍ ചര്‍ച്ച ചെയ്യാന്‍ 31നു സംസ്ഥാനത്തെ റീജനല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫിസര്‍മാരുടെ യോഗം ട്രാന്‍സ്പോര്‍ട്ട് കമ്മിഷണര്‍ വിളിച്ചുചേര്‍ത്തിട്ടുണ്ട്.

സെപ്റ്റംബര്‍ ഒന്നു മുതല്‍ നടത്തുന്ന പരിശോധനയുടെ ഭാഗമായി പിഴ ഈടാക്കുമ്ബോള്‍ മോട്ടര്‍ വാഹനനിയമത്തില്‍ കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന ഭേദഗതി പ്രകാരമുള്ള പുതുക്കിയ നിരക്കുകളാകും ഈടാക്കുക. റോഡ് സുരക്ഷാ ആക്‌ഷന്‍ പ്ലാനിന്റെ ഭാഗമായി 31ന് അവസാനിക്കേണ്ടിയിരുന്ന സംസ്ഥാനമാകെയുള്ള വാഹനപരിശോധന സെപ്റ്റംബര്‍ 14 വരെ നീട്ടി.

Related Articles

Latest Articles