Monday, September 21, 2026

സമനിലയിൽ കുരുങ്ങി; സെൽഫിയെടുക്കാനെത്തിയ എതിർ ടീം സ്റ്റാഫിനോട് രോഷം തീർത്ത് ക്രിസ്റ്റ്യാനോ റൊണാൾഡോ; വീഡിയോ വൈറൽ

റിയാദ്: സൗദി പ്രോ ലീഗിൽ അൽ– ഖലീജിനെതിരായ മത്സരം സമനിലയിൽ കുരുങ്ങി ഡ്രസ്സിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ സെ‍ൽഫിയെടുക്കാനെത്തിയ എതിർ ടീമിന്റെ സ്റ്റാഫിനെ തള്ളിമാറ്റി പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പോയിന്റ് പട്ടികയിൽ താഴെയുള്ള അൽ– ഖലീജുമായി അപ്രതീക്ഷിതമായി 1–1ന്റെ സമനില വഴങ്ങിയതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്താനുള്ള സുവർണ്ണാവസരവും അൽ നസർ നഷ്ടമാക്കി.മത്സരം കഴിഞ്ഞ് തിരികെ മടങ്ങുന്നതിനിടെയാണ് അൽ– ഖലീജ് സ്റ്റാഫിലെ ഒരാൾ സെൽ‌ഫിയെടുക്കാൻ റൊണാൾഡോയുടെ സമീപത്തെത്തിയത്. ഫോട്ടോയെടുക്കാൻ വിസമ്മതിച്ച റൊണാൾഡോ ഇയാളെ തള്ളിനീക്കിയ ശേഷം ഗ്രൗണ്ട് വിട്ടു. സംഭവത്തിന്റെ വി‍ഡിയോ ദൃശ്യങ്ങളും പിന്നാലെ പുറത്തുവന്നു.

മത്സരം തുടങ്ങി നാലാം മിനിറ്റിൽ ഫാബിയോ മാർട്ടിൻസിന്റെ ഉഗ്രൻ ഹെഡറിലൂടെയാണ് ഖലീജ് ലീഡ് നേടിയത്. എന്നാൽ 17–ാം മിനിറ്റിൽ അൽവാരോ ഗോൺസാലസിലൂടെ അൽ– നസർ സമനില പിടിച്ചു. കൂടുതല്‍ ഗോളവസരങ്ങൾ ലഭിച്ചെങ്കിലും ഒന്നും ലക്ഷ്യത്തിലെത്തിക്കാൻ അൽ– നസറിന് സാധിച്ചില്ല.

കളിക്കു ശേഷം ജഴ്സി ആവശ്യപ്പെട്ട അൽ– ഖലീജ് താരത്തിന് റൊണാൾഡോ തന്റെ ജഴ്സി കൈമാറിയിരുന്നു. 26 മത്സരങ്ങളിൽനിന്ന് 57 പോയിന്റുകളുമായി പട്ടികയിൽ രണ്ടാം സ്ഥാനത്താണ് അൽ– നസർ. മേയ് 17ന് അല്‍– തേയിക്കെതിരെയാണ് ടീമിന്റെ അടുത്ത മത്സരം.

Related Articles

Latest Articles