Monday, May 13, 2024
spot_img

വിശ്വാസികള്‍ നേരിട്ട് പൂജ നടത്തുന്ന ക്ഷേത്രം! തൃശ്ശൂരിലെ ഇരുനിലംകോട് ക്ഷേത്രത്തെപ്പറ്റി അറിയാം

ചരിത്രപരമായും വിശ്വാസപരമായും ഏറെ പ്രത്യേകതകള്‍ ഉള്ള ഒരു ക്ഷേത്രമാണ് തൃശ്ശൂര്‍ ജില്ലയിലെ മുള്ളൂര്‍ക്കര പഞ്ചായത്തില്‍ സ്ഥിതി ചെയ്യുന്ന ഇരുനിലംകോട് ക്ഷേത്രം. ഗുഹാക്ഷേത്രങ്ങളുടെ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്ന ഈ ക്ഷേത്രം എട്ട്-ഒന്‍പത് നൂറ്റാണ്ടുകളിലായാണ് നിര്‍മ്മിക്കപ്പെട്ടത് എന്നാണ് ചരിത്രം പറയുന്നത്.

ഒരു ചെറിയ കുന്നിന്‍റെ താഴത്തെ അറ്റത്തുള്ള പാറയില്‍ ഒരു ഗുഹയ്ക്കുള്ളില്‍ ആണ് വിഗ്രഹം കൊത്തിയെടുത്തിരിക്കുന്നത്. ഈ കുന്ന് 100 ഏക്കറിലധികം വിസ്തൃതിയിൽ ഉറച്ച പാറകളാൽ പരന്നുകിടക്കുന്നു. സ്വയംഭൂ വിഗ്രഹമാണ് ഇവിടെയുള്ളത്. പാറയില്‍ രൂപപ്പെട്ടു വന്നതായതിനാല്‍ പ്രധാനമൂര്‍ത്തി ആരാണെന്ന് അത്ര വ്യക്തമല്ല. ത്രിമൂര്‍ത്തി സാന്നിധ്യമാണെന്നു വിശ്വസിക്കുന്നുണ്ടെങ്കിലും ശിവനാണ് പ്രാധാന്യം.

പ്രതിഷ്ഠയുടെ രൂപം വ്യക്തമല്ലെങ്കിലും പല കാരണങ്ങളാലും ഇത് ദക്ഷിണാമൂര്‍ത്തി ആണെന്നാണ് വിശ്വസിച്ച് പോരുന്നത്. അക്ഷമാല, ഡമരു, ദണ്ഡ്, പരശ് എന്നിവ ധരിച്ച രൂപമാണ് ഇവിടുത്തെ ദക്ഷിണാമൂര്‍ത്തിയുടേത്. ഒരു കാൽ മറ്റൊന്നിൽ കയറ്റി, തല അല്പം ഉയർത്തി, ശരീരം പുറകിലേക്ക് ചാഞ്ഞ്, ഒരു പീഠത്തില്‍ ഇരിക്കുന്ന രൂപത്തിലാണ് പ്രതിഷ്ഠ. നാല് കൈകളും പരമ്പരാഗത ചിഹ്നങ്ങൾ കാണാം. ശിരസ്സിൽ തിളങ്ങുന്ന വെള്ളിക്കിരീടം ഭഗവാന്റെ സൗന്ദര്യം വർധിപ്പിക്കുന്നു. കഴിഞ്ഞ നൂറുകകണക്കിന് വര്‍ഷമായി ക്ഷേത്രം ഇവിടെയുണ്ടായിരുന്നുവെങ്കിലും അജ്ഞാതമായി നിലകൊള്ളുകയായിരുന്നു. ഏകദേശം 300 വർഷങ്ങൾക്ക് മുമ്പ് ചില ഗ്രാമീണർ ഇത് ആകസ്മികമായി കണ്ടെത്തിയെന്നാണ് ചരിത്രം പറയുന്നത്.

പഴയകാലത്ത് ക്ഷേത്രത്തില്‍ പ്രത്യേകം പൂജാരി ഉണ്ടായിരുന്നില്ല. ആളുകള്‍ തന്നെ നേരിട്ട് പൂജകള്‍ നടത്തുകയും അര്‍ച്ചനകള്‍ നേദിക്കുകയും ചെയ്യുകയായിരുന്നു പതിവ്. ജാതിമത ഭേദമന്യേ ആളുകൾക്ക് ക്ഷേത്രത്തിൽ പ്രവേശിച്ച് സ്വയം പൂജ നടത്താം. കേരളത്തിലെ ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പുതന്നെ, മതസൗഹാർദത്തിന്റെ കാര്യത്തില്‍ ഇവിടം പ്രസിദ്ധമായിരുന്നു. ചേമ്പ്, ചേന, കിഴങ്ങ് തുടങ്ങി പ്രദേശത്ത് വിളയുന്ന എന്തും ക്ഷേത്തില്‍ നേദിക്കുന്ന ഒരു പതിവും ഇവിടെ നിലനിന്നു പോരുന്നുണ്ട്. വയറുവേദനയുണ്ടായാൽ മരം കൊണ്ടോ മണ്ണുകൊണ്ടോ ഉള്ള ആമ, മത്സ്യം, തേൾ, പഴുതാര എന്നിവ നിർമ്മിച്ച് ഇവിടെ സമർപ്പിച്ചാൽ രോഗം മാറുമെന്നും വിശ്വാസമുണ്ട്.

Related Articles

Latest Articles