സുല്‍ത്താന്‍ബത്തേരി: ക്ലാസ് മുറിയിൽ വച്ച് പാമ്പുകടിയേറ്റ അഞ്ചാംക്ലാസുകാരി മരിച്ചു. ബത്തേരി ഗവ. സര്‍വജന വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂൾ വിദ്യാർത്ഥിനി ഷഹ്ല ഷെറിന്‍ (10) ആണ് മരിച്ചത്. പുത്തന്‍കുന്ന് നൊട്ടന്‍ വീട്ടില്‍ അഭിഭാഷകരായ അബ്ദുള്‍ അസീസിന്റെയും സജ്നയുടെയും മകളാണ്.
ഇന്നലെ വൈകീട്ട് 3.30-ഓടെ ക്ലാസ് മുറിക്കുള്ളിലെ ചെറിയ പൊത്തില്‍ നിന്നാണ് കുട്ടിയെ പാമ്പ് കടിച്ചത്. പാദത്തില്‍ ചെറിയ രണ്ട് മുറിവ് കണ്ട ഷഹ്ല അധ്യാപകനെ വിവരമറിയിച്ചു. തുടർന്ന് അരക്ഷിതാക്കൾ എത്തി കുട്ടിയെ ബത്തേരിയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചു.
എന്നാല്‍ ആശുപത്രി അധികൃതര്‍ക്ക് പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്താനായില്ല. പിന്നീട് ഷഹ്ലയെ ബത്തേരി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയി നിരീക്ഷണത്തില്‍ കിടത്തിയെങ്കിലും അവിടെയും പാമ്പുകടി സ്ഥിരീകരിക്കാനായില്ല. താലൂക്ക് ആശുപത്രിയിൽ വച്ച് ഛര്‍ദിച്ചതോടെ ഷഹ്ലയെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ചെയ്തു. കൊണ്ടുപോകുംവഴി കുട്ടിക്ക് ശ്വാസതടസ്സം അനുഭവപ്പെട്ടതോടെ ചേലോടുള്ള സ്വകാര്യ ആശുപത്രിയിലാക്കി. പാമ്പുകടിയേറ്റതാണെന്ന് കണ്ടെത്തിയെങ്കിലും രക്ഷിക്കാനായില്ല.
ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചതാണ് കുട്ടിയുടെ മരണത്തിനിടയാക്കിയതെന്ന് ആക്ഷേപം ഉയരുന്നുണ്ട്. അമീഗ ജെബിന്‍, ആഹില്‍ ഇഹ്‌സാന്‍ എന്നിവരാണ് സഹോദരങ്ങള്‍. ശവസംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12 മണിക്ക് പുത്തന്‍കുന്ന് ജുമാമസ്ജിദ് ഖബറിസ്ഥാനില്‍.

