തിരുവനന്തപുരം: നിലമ്പൂരിൽ പന്നിക്കെണിയിൽനിന്ന് ഷോക്കേറ്റ് വിദ്യാർത്ഥി മരിച്ച സംഭവത്തിൽ വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം നേരത്തെ അറിയിച്ചിരുന്നില്ലെന്ന് കെഎസ്ഇബി.
വൈദ്യുതി മോഷ്ടിച്ച് ഏഴ് മാസം മുമ്പ് അധികൃതരെ അറിയിച്ചിരുന്നു എന്ന റിപ്പോര്‍ട്ട് വസ്തുതാപരമല്ലെന്നും വഴിക്കടവ് സെക്ഷന്‍ ഓഫീസില്‍ അത്തരമൊരു പരാതി ലഭിച്ചിട്ടില്ലെന്നും കെഎസ്ഇബി പ്രസ്താവനയിൽ അറിയിച്ചു.
വഴിക്കടവ് വള്ളക്കൊടിയിലാണ് ഇക്കഴിഞ്ഞ ശനിയാഴ്ചയാണ് വീട്ടിൽ നിന്ന് ഫുട്ബോൾ കളിക്കാനായി പോയ അനന്തു കളി കഴിഞ്ഞ് ബന്ധുക്കളായ കുട്ടികൾക്കൊപ്പം മീൻപിടിക്കാൻ പോയ അനന്തു എന്ന പത്താം ക്‌ളാസ് വിദ്യാർത്ഥി പന്നിക്കെണിയിൽ നിന്ന് ഷോക്കേറ്റ് മരിച്ചത്. നായാട്ടുകാർ പന്നിയെ പിടിക്കാനായി വടിയിൽ ഇരുമ്പ് കമ്പി കെട്ടി കെഎസ്ഇബി ലൈനിലൂടെ വലിച്ച് താഴെയിട്ടിരുന്നത് കുട്ടികൾ കണ്ടിരുന്നില്ല. ഷോക്കടിച്ച് മൂന്ന് പേരിൽ രണ്ട് പേർ ചികിത്സയിലാണ്. വൈദ്യുതി മോഷ്ടിച്ച് പന്നിക്കെണി സ്ഥാപിക്കുന്ന വിവരം നേരത്തെ കെഎസ്ഇബിയിൽ അറിയിച്ചിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞിരുന്നു, ഇതാണ് കെഎസ്ഇബി അധികൃതർ തള്ളുന്നത്.
“തോട്ടിയില്‍ ഘടിപ്പിച്ച വയര്‍ വൈദ്യുതി ലൈനില്‍ കൊളുത്തി വൈദ്യുതി മോഷ്ടിച്ചതാണ് കഴിഞ്ഞ ദിവസം നിലമ്പൂരില്‍ നടന്ന അപകടത്തിനു കാരണമായത്. വനാതിര്‍ത്തിക്ക് സമീപം പുറത്തുനിന്നുള്ള എത്തിപ്പെടല്‍ ദുഷ്‌കരമായ ഒറ്റപ്പെട്ട പ്രദേശമാണെന്നതിനാലും രാത്രികാലങ്ങളിലാണ് ഇത്തരത്തില്‍ വൈദ്യുതി മോഷ്ടിക്കുന്നത് എന്നതിനാലും കെഎസ്ഇബി ജീവനക്കാര്‍ക്ക് സ്വമേധയാ ഇത്തരം മോഷണങ്ങള്‍ കണ്ടെത്തി നിയന്ത്രിക്കുന്നത് എളുപ്പമല്ല. ജനങ്ങളുടെ സഹകരണമുണ്ടെങ്കില്‍ മാത്രമേ ഇത്തരം ദുഷ്പ്രവണതകളും അപകടങ്ങളും ഒഴിവാക്കാന്‍ കഴിയുകയുള്ളു. വൈദ്യുതി മോഷണം ക്രിമിനല്‍ കുറ്റമാണ്. കണ്ടുപിടിക്കപ്പെട്ടാല്‍ ഇലക്ട്രിസിറ്റി ആക്ട് 2003, സെക്ഷന്‍ 135 പ്രകാരം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയും പിഴ ചുമത്തുകയും ജാമ്യമില്ലാ വകുപ്പനുസരിച്ച് കേസെടുക്കുകയും ചെയ്യും. ഇതിനു മൂന്നുവര്‍ഷം വരെ തടവുശിക്ഷ ലഭിക്കാം. വൈദ്യുതി മോഷണം നടത്തുന്നവര്‍ തെറ്റ് മനസിലാക്കി സ്വമേധയാ കെഎസ്ഇബിയെ അറിയിച്ച് പിഴ അടച്ചാല്‍ ശിക്ഷാനടപടികളില്‍നിന്ന് ഒഴിവാക്കും. ഇത്തരത്തില്‍ തെറ്റ്തിരുത്തുവാന്‍ ഒരാള്‍ക്ക് ഒരവസരം മാത്രമേ ലഭിക്കൂ.
വൈദ്യുതി മോഷണം സംബന്ധിച്ച വിവരങ്ങള്‍ കെ എസ് ഇ ബിയുടെ സെക്ഷന്‍ ഓഫീസുകളിലോ ആന്റി പവര്‍ തെഫ്റ്റ് സ്‌ക്വാഡിന്റെ തിരുവനന്തപുരം വൈദ്യുതി ഭവനിലെ സംസ്ഥാന കാര്യാലയത്തിലോ ജില്ലാ കാര്യാലയങ്ങളിലോ ഓഫീസ് സമയത്ത് വിളിച്ച് അറിയിക്കാം. 9496010101 എന്ന എമര്‍ജന്‍സി നമ്പരില്‍ വിളിച്ചും വാട്‌സാപ്പ് സന്ദേശമയച്ചും വിവരങ്ങള്‍ അറിയിക്കാം. വൈദ്യുതി ദുരുപയോഗം സംബന്ധിച്ച വിവരങ്ങള്‍ക്കൊപ്പം കൃത്യമായ സ്ഥലവിവരണവും സെക്ഷന്‍ ഓഫീസിന്റെ പേരും ചേര്‍ക്കുന്നത് ഉചിതമായിരിക്കും. വിവരങ്ങള്‍ കൈമാറുന്ന ആളിന്റെ വിശദാംശങ്ങള്‍ തികച്ചും രഹസ്യമായി സൂക്ഷിക്കും. അര്‍ഹമായ പാരിതോഷികവും നല്‍കും.”- കെഎസ്ഇബി പ്രസ്താവനയിൽ അറയിച്ചു.

