Friday, May 10, 2024
spot_img

ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുമതി വേണമെന്ന വിദ്യാർത്ഥിനികളുടെ ആവശ്യം; രണ്ടാഴ്ചയ്ക്കുള്ളിൽ തീരുമാനമെന്ന് പ്രിൻസിപ്പൽ; തീരുമാനം വിദഗ്ധരുടെ യോഗത്തിന് ശേഷം

തിരുവനന്തപുരം: ഓപ്പറേഷൻ തിയേറ്ററിൽ ഹിജാബ് ധരിക്കാൻ അനുമതി വേണമെന്നാവശ്യപ്പെട്ട് തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴ് വിദ്യാർത്ഥിനികൾ പ്രിൻസിപ്പലിന് നൽകിയ കത്തിൽ കരുതലോടെ തീരുമാനമെടുക്കാൻ സർക്കാർ. വിവിധ ബാച്ചുകളിലായി പഠിക്കുന്നവരാണ് കത്ത് നൽകിയ വിദ്യാർത്ഥിനികൾ. ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ തലയും കഴുത്തും മൂടുന്നവിധമുള്ള ഹുഡ് ധരിക്കാൻ അനുവദിക്കമെന്നാണ് കത്തിൽ ആവശ്യപ്പെട്ടത്. കത്ത് ലഭിച്ചിട്ടുണ്ടെന്നും വിദ്യാർത്ഥികളുടെ ആവശ്യം പരിശോധിക്കാൻ വിദഗ്ധരുടെ യോഗം വിളിക്കുമെന്നും കോളേജ് പ്രിൻസിപ്പൽ ഡോ. ലിനെറ്റ് ജെ. മോറിസ് സ്ഥിരീകരിച്ചു. ജൂൺ 26നാണ് പ്രിൻസിപ്പലിന് കത്ത് ലഭിച്ചത്.

ഓപ്പറേഷൻ തിയറ്ററിനുള്ളിൽ തല മറയ്ക്കാൻ തങ്ങളെ അനുവദിക്കാറില്ല. മതവിശ്വാസമനുസരിച്ച് മുസ്ലിം സ്ത്രീകൾക്ക് എല്ലാ സാഹചര്യങ്ങളിലും തല മറയ്ക്കുന്ന ഹിജാബ് നിർബന്ധമാണ്. ആശുപത്രിയുടേയും, ഓപ്പറേഷൻ റൂം ചട്ടങ്ങൾ പാലിക്കുന്നതിനോടൊപ്പം ഹിജാബ് ധരിക്കുന്ന സ്ത്രീകൾക്ക് അതിന് അനുസരണമുള്ള മതപരമായ വസ്ത്രങ്ങൾ ധരിക്കുന്നത് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഈ സാഹചര്യത്തിൽ തലയും കൈകളും മറയ്ക്കുന്ന തരത്തിലുള്ള വസ്ത്രം ധരിക്കാൻ അനുമതി വേണമെന്നാണ് കത്തിൽ ആവശ്യപ്പടുന്നത്. .

കത്തിൽ രണ്ടാഴ്ചക്കകം മറുപടി നൽകാമെന്നാണ് വിദ്യാർത്ഥികളെ അറിയിച്ചിട്ടുള്ളത്. മെഡിക്കൽ ആരോഗ്യ വകുപ്പുമായി കൂടിയാലോചിച്ചാകും ഇക്കാര്യത്തിൽ തീരുമാനമെടുക്കുക. അതെ സമയം ഓപ്പറേഷൻ തിയേറ്ററിനുള്ളിൽ ധരിക്കേണ്ട വസ്ത്രങ്ങളെക്കുറിച്ചും ഓരോഘട്ടത്തിലും പാലിക്കേണ്ട രീതികളെക്കുറിച്ചും അന്താരാഷ്ട്ര മാനദണ്ഡങ്ങളുണ്ട്. രോഗിക്ക് അണുബാധയുണ്ടാകാതിരിക്കാനായി തിയേറ്ററിനുള്ളിൽ കയറുന്നതിനുമുമ്പ് കൈമുട്ടിന് താഴേക്ക് വിരൽത്തുമ്പുവരെ ഒഴുകുന്ന വെള്ളത്തിൽ കഴുകി അണുവിമുക്തമാക്കേണ്ടതുണ്ട്. തിയേറ്ററിൽ ഉപയോഗിക്കുന്ന വസ്തുക്കളും അണുവിമുക്തമാക്കിയിട്ടുള്ളതാകും.

അതേസമയം ഫുൾ സ്ലീവ് വസ്ത്രം ധരിക്കുമ്പോൾ ഓപ്പറേഷൻ തീയറ്ററിൽ കയറുമ്പോൾ ചെയ്യേണ്ട കാര്യങ്ങൾ ചെയ്യാൻ ബുദ്ധിമുട്ടാകും.രോഗികളെ ശുശ്രൂഷിക്കുമ്പോൾ കൈകൾ വൃത്തിയാക്കി വെക്കേണ്ടതുണ്ട്. അല്ലാത്ത പക്ഷം അണുബാധയടക്കമുള്ള പ്രശ്നങ്ങളുണ്ടാകാനിടയുണ്ട്.

Related Articles

Latest Articles