Monday, October 12, 2026

വിദ്യാർത്ഥികൾക്ക് നീതി ലഭിക്കണം! സിബിഐ അന്വേഷണം വരണം ! പരീക്ഷാ ക്രമക്കേടുകൾക്കെതിരെ ഝാർഖണ്ഡ് നിയമസഭയിലേക്ക് മാർച്ച് നടത്തി എബിവിപി

റാഞ്ചി: ഝാർഖണ്ഡിൽ പരീക്ഷാ ക്രമക്കേടുകളും റിക്രൂട്ട്‌മെന്റ് അഴിമതികളും ചൂണ്ടിക്കാണിച്ചുകൊണ്ട് വിദ്യാർത്ഥി സംഘടനകളുടെ നേതൃത്വത്തിലുള്ള പ്രതിഷേധം ശക്തമാകുന്നു. എബിവിപിയുടെ ആഭിമുഖ്യത്തിൽ റാഞ്ചിയിലെ പഴയ നിയമസഭാ മന്ദിരത്തിൽ നിന്ന് പുതിയ നിയമസഭയിലേക്ക് മാർച്ച് സംഘടിപ്പിച്ചു. സംസ്ഥാനത്ത് മാസങ്ങളായി തുടരുന്ന വിദ്യാർത്ഥി പ്രക്ഷോഭങ്ങളുടെ ഭാഗമായാണ് പുതിയ പ്രതിഷേധം അരങ്ങേറിയിരിക്കുന്നത്.

ഝാർഖണ്ഡ് പബ്ലിക് സർവീസ് കമ്മീഷൻ, ഝാർഖണ്ഡ് സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ എന്നിവയുടെ പരീക്ഷകളിലും റിക്രൂട്ട്‌മെന്റ് നടപടികളിലും വ്യാപകമായ ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്നാണ് ഉദ്യോഗാർത്ഥികളുടെ പ്രധാന ആരോപണം. ജെ.എസ്.എസ്.സി കമ്പൈൻഡ് ഗ്രാജുവേറ്റ് ലെവൽ പരീക്ഷ പൂർണ്ണമായും റദ്ദാക്കുക, ക്രമക്കേടുകളെക്കുറിച്ച് സിബിഐ അന്വേഷണത്തിന് ഉത്തരവിടുക, റിക്രൂട്ട്‌മെന്റ് നടപടികളിൽ സമഗ്രമായ പൊളിച്ചെഴുത്തുകൾ നടത്തുക തുടങ്ങിയ ആവശ്യങ്ങളാണ് സമരക്കാർ ഉന്നയിക്കുന്നത്.

വിദ്യാർത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി ബിജെപിയും രംഗത്തെത്തിയിട്ടുണ്ട്. ലാത്തിച്ചാർജ് നടത്തി വിദ്യാർത്ഥികളുടെ ശബ്ദം അടിച്ചമർത്താനാണ് സർക്കാർ ശ്രമിക്കുന്നതെന്ന് ജാർഖണ്ഡ് നിയമസഭയിലെ പ്രതിപക്ഷ നേതാവും ബിജെപി നേതാവുമായ ബാബുലാൽ മറാണ്ടി ആരോപിച്ചു. സിബിഐ അന്വേഷണം വേണമെന്ന ഒറ്റ ആവശ്യമാണ് വിദ്യാർത്ഥികൾക്കുള്ളത്. കുറ്റവാളികൾ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികൾക്ക് നീതി ലഭിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. പോലീസിന്റെ ലാത്തിച്ചാർജ് നടപടികളിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി ബന്ദിനും ബിജെപി ആഹ്വാനം ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ദിവസം റാഞ്ചിയിൽ ജെ പി എസ് സി, ജെ എസ് എസ് സി ഉദ്യോഗാർത്ഥികൾ നടത്തിയ നിയമസഭാ മാർച്ചിൽ കനത്ത സംഘർഷം ഉടലെടുത്തിരുന്നു. മാർച്ചിൽ പങ്കെടുത്ത വിദ്യാർത്ഥികളെ നിയന്ത്രിക്കുന്നതിനായി പോലീസ് ജലപീരങ്കിയും ലാത്തിച്ചാർജും പ്രയോഗിച്ചത് വലിയ തോതിൽ പ്രതിഷേധങ്ങൾക്ക് വഴിവെച്ചിരുന്നു. തങ്ങളുടെ ന്യായമായ ആവശ്യങ്ങൾ അംഗീകരിക്കാൻ സർക്കാർ തയ്യാറാകുന്നതുവരെ സമരം ശക്തമായി തുടരുമെന്നാണ് വിദ്യാർത്ഥി സംഘടനകളുടെയും ഉദ്യോഗാർത്ഥികളുടെയും നിലപാട്. സംസ്ഥാനത്തുടനീളം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്ന ഈ പ്രക്ഷോഭം ജാർഖണ്ഡിലെ രാഷ്ട്രീയ രംഗത്ത് നിർണ്ണായക വഴിത്തിരിവായി മാറിയിരിക്കുകയാണ്.

Related Articles

Latest Articles