Monday, December 22, 2025

കൂറുമാറിയ യുവനടിയുടെ ആത്മഹത്യാശ്രമം: ദിലീപ് കേസിലെ വെളിപ്പെടുത്തലുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടിയുടെ ആത്മഹത്യാ ശ്രമത്തിന്, ദിലീപ് കേസിലെ പുതിയ വെളിപ്പെടുത്തലുകളുമായി ബന്ധമില്ലെന്ന് ക്രൈംബ്രാഞ്ച്. പ്രസവാനന്തരമുള്ള മാനസിക സമ്മർദമാണ് ആത്മഹത്യാശ്രമത്തിനു കാരണമെന്നാണ് സൂചന.

കഴിഞ്ഞ ദിവസമാണ് നടിയെ ആക്രമിച്ച കേസിൽ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. എറണാകുളം നോർത്തിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട നടി ആരോഗ്യനില വീണ്ടെടുത്തു.

അതേസമയം ദിലീപിന് എതിരായ പുതിയ വെളിപ്പെടുത്തലുകൾക്കു പിന്നാലെ കൂറുമാറിയ സാക്ഷികളുടെ സാമ്പത്തിക സ്രോതസ്സ് അന്വേഷിക്കുമെന്ന വാർത്തകൾ വന്നിരുന്നു. മാത്രമല്ല വിചാരണ വേളയിൽ കൂറുമാറിയ യുവനടി ആത്മഹത്യയ്ക്കു ശ്രമിച്ചതു സമൂഹമാധ്യമങ്ങളിൽ സംശയങ്ങൾ ഉയർത്തിയിരുന്നു.

സിനിമാ മേഖലയിൽ നിന്നുള്ള ഇരുപതിലേറെ സാക്ഷികൾ കൂറുമാറിയത് പ്രോസിക്യൂഷനു വിചാരണ വേളയിൽ കനത്ത തിരിച്ചടിയായിരുന്നു. അതിനാൽ കൂറുമാറിയ ശേഷം സാക്ഷികളിൽ ആരുടെയെങ്കിലും ബാങ്ക് അക്കൗണ്ടിലേയ്ക്കു വലിയ തുകയുടെ കൈമാറ്റം നടന്നിട്ടുണ്ടോ എന്നാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പരിശോധിക്കുന്നത്.

Related Articles

Latest Articles