Friday, May 3, 2024
spot_img

കാത്തിരിക്കുന്നത് ചരിത്ര നിമിഷത്തിനു വേണ്ടി; ഒൻപത് സുപ്രീംകോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ആഗസ്റ്റ് 31 ന്

ദില്ലി: വനിതാ ജഡ്ജിമാരടക്കം ഒൻപത് പേർ സുപ്രീംകോടതി ജഡ്ജിമാരായി ആഗസ്റ്റ് 31 ന് സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 10.30 ന് സുപ്രീം കോടതി ഓഡിറ്റോറിയത്തില്‍ ആണ് സത്യപ്രതിജ്ഞ ചടങ്ങ് . ചീഫ് ജസ്റ്റിസ് എന്‍. വി രമണ നിയുക്ത ജഡ്ജിമാര്‍ക്ക് സത്യാവാചകം ചൊല്ലിക്കൊടുക്കും. സാധാരണ സുപ്രീം കോടതി ജഡ്ജിമാരുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത് ചീഫ് ജസ്റ്റിസ് കോടതിയില്‍ ആണ്. എന്നാല്‍ കോവിഡ് പ്രോട്ടോകോള്‍ നിലനില്‍ക്കുന്നതിനാല്‍ ഇത്തവണ സത്യപ്രതിജ്ഞ ചടങ്ങ് ഓഡിറ്റോറിയാത്തിലേക്ക് മാറ്റാന്‍ ചീഫ് ജസ്റ്റിസ് തീരുമാനിക്കുകയായിരുന്നു.

ഇത് ചരിത്രം

സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതിന് മുമ്പ് ഒരു തവണ മാത്രമാണ് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ ചടങ്ങ് ചീഫ് ജസ്റ്റിസ് കോടതിക്ക് പുറത്ത് നടന്നിട്ടുള്ളത്. സുപ്രീം കോടതി സുവര്‍ണ്ണ ജുബിലീ ആഘോഷിച്ച 2000 ല്‍ മൂന്ന് ജഡ്ജിമാരുടെ സത്യപ്രതിജ്ഞ നടന്നത് സുപ്രീംകോടതിക്ക് മുന്നിലെ പുല്‍ത്തകിടിയില്‍ ഒരുക്കിയ പന്തലില്‍ ആയിരുന്നു. ജസ്റ്റിസുമാരായ വൈ. കെ സബര്‍വാള്‍, രുമ പാല്‍, ദൊരൈസ്വാമി രാജു എന്നിവരാണ് 2008 ജനുവരി 28 ന് പന്തല്‍ കെട്ടിയ ചടങ്ങില്‍ സുപ്രീം കോടതി ജഡ്ജിമാരായി സത്യാ വാചകം ചൊല്ലി അധികാരമേറ്റത്.

അതേസമയം വനിതാ ജഡ്ജിമാര്‍ അടക്കം ഒൻപത് പേരെ സുപ്രീംകോടതി ജഡ്ജിമാരാക്കാനുള്ള കൊളീജിയം ശുപാർശയ്ക്ക് കേന്ദ്രസർക്കാർ കഴിഞ്ഞ ദിവസമാണ് അംഗീകാരം നൽകിയത്. കൊളീജിയം നിർദ്ദേശം അംഗീകരിച്ച് കേന്ദ്രസർക്കാർ വിജ്ഞാപനം പ്രസിദ്ധീകരിക്കുകയായിരുന്നു. ചരിത്രത്തിൽ ആദ്യമായാണ് മൂന്ന് വനിതാ ജഡ്ജിമാരെ സുപ്രീംകോടതി കൊളീജിയം ഒരുമിച്ച് ശുപാർശ ചെയ്തത്. ഇതോടെ ചരിത്രത്തിലാദ്യമായി സുപ്രീംകോടതിയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസിനെയും ലഭിക്കും. കേരള ഹൈക്കോടതിയിലെ ജസ്റ്റിസ് സിടി രവികുമാർ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

ജസ്റ്റിസ് എ.എസ്. ഓക, ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ജെ.കെ. മഹേശ്വരി, ജസ്റ്റിസ് ഹിമ കോഹ്‌ലി, ജസ്റ്റിസ് ബി വി നഗാരത്‌ന, ജസ്റ്റിസ് സി ടി രവികുമാര്‍, ജസ്റ്റിസ് എം എം സുന്ദരേഷ്, ജസ്റ്റിസ് ബേല എം. ത്രിവേദി, സീനിയര്‍ അഭിഭാഷകന്‍ പി എസ് നരസിംഹ എന്നിവരാണ് സുപ്രീം കോടതി ജഡ്ജിമാരായി സത്യപ്രതിജ്ഞ ചെയ്യുന്നത്. ഇതില്‍ ജസ്റ്റിസ് വിക്രം നാഥ്, ജസ്റ്റിസ് ബി വി നാഗരത്‌ന, അഭിഭാഷകന്‍ പി. എസ് നരസിംഹ എന്നിവര്‍ ഭാവിയില്‍ സുപ്രീം കോടതി ചീഫ് ജസ്റ്റിസുമാരായേക്കും. 2027 ഫെബ്രുവരി ഒമ്പതിന് ജസ്റ്റിസ് സൂര്യകാന്ത് ചീഫ് ജസ്റ്റിസ് പദവിയില്‍ നിന്ന് വിരമിക്കുന്നതിനെ തുടര്‍ന്ന് ജസ്റ്റിസ് വിക്രം നാഥ് ചീഫ് ജസ്റ്റിസ് ആയേക്കും. 2027 സെപ്റ്റംബര്‍ 23 ന് ആണ് ജസ്റ്റിസ് വിക്രം നാഥ് വിരമിക്കുന്നത്. തുടര്‍ന്ന് ഒരു മാസവും അഞ്ച് ദിവസവും ജസ്റ്റിസ് ബി. വി നാഗരത്‌ന ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയേക്കും. ആദ്യമായാണ് ഒരു വനിത ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് പദവിയില്‍ എത്തുക. 1989 കാലഘട്ടത്തില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസായിരുന്ന ഇ.എസ്. വെങ്കടരാമയ്യയുടെ മകളാണ് ജസ്റ്റിസ് നാഗരത്‌ന.

ജസ്റ്റിസ് നാഗരത്‌ന വിരമിക്കുന്നതിനെ തുടര്‍ന്ന് പി എസ് നരസിംഹ ഇന്ത്യയുടെ ചീഫ് ജസ്റ്റിസ് ആയേക്കും. 2028 മെയ് 2 വരെ നരസിംഹ ചീഫ് ജസ്റ്റിസ് പദവിയില്‍ തുടരും. നേരിട്ട് സുപ്രീംകോടതി ജഡ്ജിയാകുന്ന ഒമ്പതാമത്തെ അഭിഭാഷകനാണ് നരസിംഹ. എസ്. എം. സിക്രി, എസ്. സി റോയ്, കുല്‍ദീപ് സിംഗ്, എന്‍. സന്തോഷ് ഹെഡ്ഡെ, റോഹിങ്ടന്‍ നരിമാന്‍, യു യു ലളിത്, എല്‍ നാഗേശ്വര്‍ റാവു, ഇന്ദു മല്‍ഹോത്ര എന്നിവരാണ് ഇതിന് മുമ്പ് നേരിട്ട് സുപ്രീം കോടതി ജഡ്ജിമാരായ അഭിഭാഷകര്‍.

1950 ജനുവരി 26ന് സുപ്രീംകോടതി പ്രവര്‍ത്തനം ആരംഭിച്ചതു മുതൽ വളരെ കുറച്ച് വനിത ജസ്റ്റിസുമാരാണ് വന്നത്. 71 വര്‍ഷത്തിനിടെ എട്ട് വനിതാ ജഡ്ജിമാരാണ് ചുമതലയിൽ വന്നിരിക്കുന്നത്. 1989ൽ എം ഫാത്തിമ ബീവി ആയിരുന്നു ആദ്യമായി സുപ്രീം കോടതിയിൽ എത്തിയ വനിതാ ജഡ്ജി. ഏറെ നാളുകളായി ഇന്ത്യയ്ക്ക് ഒരു വനിതാ ജസ്റ്റിസ് വേണമെന്ന ആവശ്യം വിവിധ കോണുകളില്‍ നിന്നുമായി ഉയർന്ന് കേൾക്കുകയാണ്. മുൻ ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ വിരമിക്കുന്നതിന് മുൻപ് ഇന്ത്യയ്ക്ക് ഒരു വനിതാ ചീഫ് ജസ്റ്റിസ് ഉണ്ടാകേണ്ട സമയം അതിക്രമിച്ചതായി പറഞ്ഞിരുന്നു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles