Sunday, June 16, 2024
spot_img

ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി; ജസ്റ്റിസ് സിടി രവികുമാർ പിന്മാറി

ദില്ലി: എസ്എൻസി ലാവ്ലിൻ കേസ് വീണ്ടും മാറ്റിവെച്ച് സുപ്രീംകോടതി. കേസ് പരിഗണിക്കുന്ന സുപ്രീം കോടതി ഡിവിഷൻ ബെഞ്ചിൽ നിന്ന് ജസ്റ്റിസ് സിടി രവികുമാർ പിന്മാറി. അഭിഭാഷകൻ സമയം തേടിയ സാഹചര്യത്തിലാണ് ഇന്ന് കേസ് മാറ്റിയത്. കേസ് പരിഗണനയ്ക്ക് വന്നപ്പോൾ ഹൈക്കോടതിയിൽ കേസിൽ താൻ വാദം കേട്ടിട്ടുണ്ടെന്ന് ജസ്റ്റിസ് സിടി രവികുമാർ പറഞ്ഞു. താൻ പിന്മാറേണ്ടതുണ്ടോയെന്ന് ചോദിച്ച ജസ്റ്റിസ് പിന്നീട് പിന്മാറുകയായിരുന്നു.

കേസിൽ, ജഡ്ജിമാരായ എം.ആർ.ഷാ, സി.ടി.രവികുമാർ എന്നിവരുടെ പുതിയ ബെഞ്ച് രൂപീകരിച്ചിരുന്നു. ഇരുവരും വാദം കേൾക്കുന്ന നാലാം നമ്പർ കോടതിമുറിയിൽ 21–ാം നമ്പർ കേസായാണ് ലാവ്‍ലിൻ ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. പനി ബാധിച്ചു ചികിത്സയിലായതിനാൽ ഹർജി പരിഗണിക്കുന്നതു മൂന്നാഴ്ചത്തേക്കു മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് ഊർജ വകുപ്പു മു‍ൻ ജോയിന്റ് സെക്രട്ടറി എ. ഫ്രാൻസിസിന്റെ അഭിഭാഷകൻ എം.എൽ.ജിഷ്ണു കത്തു നൽകിയിരുന്നു.

32 തവണ ലിസ്റ്റ് ചെയ്തിട്ടും പല കാരണങ്ങളാൽ പരിഗണിക്കപ്പെടാതിരുന്ന ഹർജി 5 മാസത്തിന് ശേഷമാണ് വീണ്ടും ലിസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി പിണറായി വിജയൻ, ഊർജ വകുപ്പു സെക്രട്ടറി കെ.മോഹനചന്ദ്രൻ, ജോയിന്റ് സെക്രട്ടറി എ.ഫ്രാൻസിസ് എന്നിവരെ കുറ്റവിമുക്തരാക്കിയ 2017ലെ ഹൈക്കോടതി വിധിക്കെതിരെയുള്ള സിബിഐയുടെ ഹർജിയും വിചാരണ നേരിടാൻ വിധിക്കപ്പെട്ടതിനെതിരെ വൈദ്യുതി ബോർഡിന്റെ മുൻ സാമ്പത്തിക ഉപദേഷ്‌ടാവ് കെ.ജി.രാജശേഖരൻ നായർ, ബോർഡിന്റെ മുൻ ചെയർമാൻ ആർ.ശിവദാസൻ, മുൻ ചീഫ് എൻജിനീയർ കസ്‌തൂരിരംഗ അയ്യർ എന്നിവരുടെ ഹർജികളുമാണ് കോടതിയുടെ പരിഗണനയിലുള്ളത്.

2018 ജനുവരിയിൽ ഹർജിയിൽ നോട്ടിസ് അയച്ചിരുന്നതാണ്. പിന്നീടു പലവട്ടം കേസ് ലിസ്റ്റ് ചെയ്തെങ്കിലും പരിഗണിച്ചില്ല. കഴിഞ്ഞ നവംബറിൽ അന്നത്തെ ചീഫ് ജസ്റ്റിസ് യു.യു.ലളിത് അധ്യക്ഷനായ ബെഞ്ചിലായിരുന്നു ഒടുവിൽ ലിസ്റ്റ് ചെയ്തത്. അന്നും പരിഗണിച്ചില്ല.

Related Articles

Latest Articles