Wednesday, May 15, 2024
spot_img

കെ എസ് ആര്‍ടിസിയില്‍ എംപാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടല്‍: ഇടപെടാന്‍ വിസമ്മതിച്ച് സുപ്രീംകോടതി

ദില്ലി: കെഎസ്ആര്‍ടിസി എം പാനല്‍ ഡ്രൈവര്‍മാരെ പിരിച്ചുവിടാനുള്ള ഹൈക്കോടതി ഉത്തരവ് നടപ്പിലാക്കാന്‍ കെഎസ്ആര്‍ടിസിക്ക് ജൂണ്‍ 30 വരെ സുപ്രീംകോടതി സമയം അനുവദിച്ചു. കേരള ഹൈക്കോടതി ഉത്തരവില്‍ ഇടപെടാന്‍ സുപ്രീം കോടതി വിസമ്മതിച്ചു.
എം പാനല്‍ ജീവനക്കാരെ പിരിച്ചുവിട്ട് പകരം പിഎസ് സി വഴി നിയമനം നടത്തണമെന്ന ഹൈക്കോടതി വിധിയിലാണ് സുപ്രീംകോടതി ഇടപെടാന്‍ വിസമ്മതിച്ചത്. നിലവിലെ ഷെഡ്യൂളുകള്‍ മുടങ്ങാതിരിക്കാന്‍ കെഎസ്ആര്‍ടിസിക്ക് താത്കാലിക ഡ്രൈവര്‍മാരെ നിയമിക്കാമെന്ന് സുപ്രീം കോടതി അറിയിച്ചു. എന്നാല്‍ ഇങ്ങനെ നിയമിക്കുന്നവരെ 180 ദിവസത്തിലധികം തുടരാന്‍ അനുവദിക്കരുതെന്നും കോടതി നിര്‍ദ്ദേശിച്ചു.

എം പാനല്‍ കണ്ടക്ടര്‍മാരെ പിരിച്ചുവിട്ട ഹൈക്കോടതി വിധി സുപ്രീം കോടതി ഇന്നലെ ശരിവച്ചിരുന്നു. തൊഴിലാളി യൂണിയനുകള്‍ ശക്തമായ കെഎസ്ആര്‍ടിസിയില്‍, സ്ഥിര ജീവനക്കാര്‍ അവധി എടുക്കുന്നതിനാല്‍ താത്കാലിക ഡ്രൈവര്‍മാര്‍ ഇല്ലെങ്കില്‍ സര്‍വീസ് മുടങ്ങുമെന്ന് കെഎസ്ആര്‍ടിസി അഭിഭാഷകന്‍ വാദിച്ചു.

എന്നാല്‍ പിഎസ് സി റാങ്ക് ലിസ്റ്റ് പ്രകാരം നിയമനം നടത്തണമെന്ന ഹൈക്കോടതിയുടെ നീതിപൂര്‍വമായ വിധിയില്‍ സുപ്രീംകോടതി ഉറച്ച നിലപാട് സ്വീകരിച്ചത് കെഎസ്ആര്‍ടിസിക്ക് തിരിച്ചടിയായി.

Related Articles

Latest Articles