Sunday, January 11, 2026

‘സ്വവർഗ്ഗ വിവാഹം’ ജനുവരിയിൽ സുപ്രീംകോടതി വാദം കേൾക്കും; പ്രതികരണമറിയിക്കാൻ ജനുവരി 6 വരെ കേന്ദ്ര സർക്കാരിന് സമയം

ദില്ലി :ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ജനുവരിയിൽ സുപ്രീം കോടതി വാദം കേൾക്കും.സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രീം കോടതിയെ സമീപിച്ചത്, മുൻപ് സ്വവർഗ വിവാഹങ്ങൾ നിയമവിധേയമാക്കാൻ വിസമ്മതിച്ച മോദി സർക്കാരുമായി നിയമപരമായ ഏറ്റുമുട്ടലിനാണു ഇത് വഴിവച്ചത്.
നേരത്തെ 2018 ലെ ചരിത്രപരമായ ഒരു വിധിയിൽ, കൊളോണിയൽ കാലഘട്ടത്തിലെ സ്വവർഗ്ഗാനുരാഗ നിരോധനം സുപ്രീം കോടതി റദ്ദാക്കിയിരുന്നു.ഇതോടെ ഇന്ത്യയിൽ സ്വവർഗരതി കുറ്റകരമല്ലാതായി.

2018 ൽ സ്വർഗ്ഗരതി നിയമവിധേയമായിട്ടും , ഇന്ത്യയിലെ ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ, ട്രാൻസ്‌ജെൻഡർ (LGBT) കമ്മ്യൂണിറ്റിയിലെ അംഗങ്ങൾ ഇന്ത്യൻ സമൂഹത്തിൽ നേരിടുന്ന വിവേചനവും ഹർജിയിലുണ്ടായിരുന്നു.2018 ലെ വിധി അവരുടെ ഭരണഘടനാപരമായ അവകാശങ്ങൾ അംഗീകരിച്ചിട്ടുണ്ടെങ്കിലും ,സ്വവർഗ വിവാഹത്തിനുള്ള നിയമപരമായ പിന്തുണ തങ്ങൾക്ക് ഇപ്പോഴും നഷ്ടപ്പെട്ടിരിക്കുകയാണെന്ന് LGBT പ്രവർത്തകർ പറയുന്നു.

വിവാഹിതരായതിന് നിയമപരമായ അംഗീകാരമില്ലാതെ, മെഡിക്കൽ സമ്മതം, പെൻഷനുകൾ, ദത്തെടുക്കൽ അല്ലെങ്കിൽ ദമ്പതികൾക്കുള്ള ക്ലബ് അംഗത്വം പോലുള്ള ലളിതമായ കാര്യങ്ങളുമായി ബന്ധപ്പെട്ട അവകാശങ്ങൾ തങ്ങൾക്ക് നിഷേധിക്കപ്പെടുന്നുവെന്ന് ഹർജിക്കാരായ ദമ്പതികൾ പറയുന്നു.

“ഒരുമിച്ച് ജീവിക്കുകയും ഒരുമിച്ച് ജീവിതം കെട്ടിപ്പടുക്കുകയും ചെയ്യുന്ന പ്രക്രിയയിൽ ഞങ്ങൾക്ക് വിവാഹിതരെന്ന നിലയിൽ ഒന്നും ചെയ്യാൻ കഴിയുന്നില്ലെന്ന് ഇന്ത്യയിലെ ജഗ്ഗർനട്ട് ബുക്‌സിന്റെ ചീഫ് എഡിറ്ററായ പാർത് മെഹ്‌റോത്രയെ വിവാഹം കഴിക്കാൻ ആഗ്രഹിക്കുന്ന വ്യവസായി ഉദയ് രാജ് ആനന്ദ് പറഞ്ഞു.

മറ്റൊരു ദമ്പതികളായ സുപ്രിയോ ചക്രവർത്തിയും അഭയ് ദാംഗും തങ്ങളുടെ ഹർജിയിൽ പറയുന്നത്, മറ്റുവിവാഹങ്ങളെപ്പോലെതന്നെ രണ്ടു ദിവസത്തെ ആർഭാടമായ ചടങ്ങുകളോടെയാണ് തങ്ങൾ വിവാഹിതരായത്. എന്നാൽ ദമ്പതികളെന്ന നിലയിൽ ആരോഗ്യ ഇൻഷുറൻസ് എടുക്കാൻ കഴിയില്ലെന്നും ലൈഫ് ഇൻഷുറൻസ് പോളിസികളിൽ പരസ്പരം നാമനിർദ്ദേശം ചെയ്യാൻ കഴിയില്ലെന്നും മനസിലായതോടെ തങ്ങളുടെ ജീവിതത്തിലെ സന്തോഷം നഷ്ടമായെന്നാണ്.സത്യത്തിൽ തങ്ങളുടെ അവകാശങ്ങൾ ലംഘിക്കാൻ അവർക്ക് യാതൊരു അധികാരവുമില്ലെന്നും ഹർജിയിൽ ദമ്പതികൾ വ്യക്തമാക്കി

സ്വവർഗ വിവാഹങ്ങൾ അനുവദിക്കുന്ന തരത്തിൽ നിയമങ്ങൾ പരിഷ്കരിക്കുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്ന തരത്തിലുള്ള വിധിയാണ് സുപ്രീം കോടതിയിൽ നിന്നും നാല് സ്വവർഗ ദമ്പതികളും ആഗ്രഹിക്കുന്നതെന്ന് വ്യക്തമാണ്.

1.4 ബില്യൺ ജനങ്ങളുള്ള ഇന്ത്യയെപോലൊരു സാമൂഹിക യാഥാസ്ഥിതിക രാജ്യത്ത് ഇത് ഒരു സെൻസിറ്റീവ് വിഷയം തന്നെയാണ്, അവിടെ സ്വവർഗരതിയെക്കുറിച്ച് തുറന്ന് സംസാരിക്കുന്നത് പോലും പലർക്കും അനുവദിക്കപ്പെടാത്ത ഒന്നാണ്. സ്വവർഗ്ഗ വിവാഹങ്ങൾ നിയമവിധേയമായ ഏകദേശം മൂന്ന് ഡസനോളം വരുന്ന രാജ്യങ്ങളുടെ പട്ടികയിൽ ഇടം നേടാൻ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തിന് സമയമായോ എന്നത് ഇന്ന് പ്രസക്തിയുള്ള ചോദ്യമാണ്.സ്വവർഗ വിവാഹങ്ങൾക്ക് അംഗീകാരം നൽകുന്ന നിയമനിർമ്മാണത്തിന് അമേരിക്ക ഈ മാസം അംഗീകാരം നൽകി.

സുപ്രീംകോടതി വിധികൾ കീഴ്കോടതിവിധികളിൽ നിർണ്ണായകമായ സ്വാധീനം ചെലുത്തുന്ന ഇന്ത്യൻ സാഹചര്യത്തിൽ അനുകൂല വിധി ലഭിച്ചില്ല എങ്കിൽ അത് മോദിയുടെ ഹിന്ദുത്വ ഗവണ്മെന്റിനും നിലപാടുകൾക്കും ലഭിക്കുന്ന തിരിച്ചടി തന്നെയാകും എന്നുറപ്പാണ്. അദ്ദേഹത്തിന്റെ നിയമ മന്ത്രാലയം മുമ്പ് സ്വവർഗ വിവാഹങ്ങളെ എതിർക്കുകയും, പാർലമെന്റിന്റെ പരിധിയിൽ വരുന്ന നിയമനിർമ്മാണ പ്രക്രിയയിൽ നിന്ന് കോടതികൾ വിട്ടുനിൽക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു.കഴിഞ്ഞവർഷത്തെ ഒരു ഹൈക്കോടതി ഹർജിയിൽ നിയമമന്ത്രാലയം പറഞ്ഞത് ഇന്ത്യയിൽ നിലവിലുള്ള പരമ്പരാഗത കുടുംബ സങ്കൽപ്പം എന്നത് ഭർത്താവ്,ഭാര്യ,കുട്ടികൾ എന്നിവർ അടങ്ങിയതാണ്.എന്നാൽ സ്വവർഗ വിവാഹത്തിന് ഒരിക്കലും ഈ സങ്കല്പവുമായി ഒത്തുപോകാനാവില്ല എന്നാണ് .ഇന്ത്യയിൽ കുടുംബമെന്നത് “ഒരു ജീവശാസ്ത്രപരമായ പുരുഷനും ജീവശാസ്ത്രപരമായ സ്ത്രീയും തമ്മിലുള്ള ഒരു ഗൗരവമേറിയ സ്ഥാപനമാണ്” എന്നും കൂട്ടിച്ചേർത്തു.

വിഷയം കോടതിയുടെ പരിഗണനയിലായതിനാൽ പേര് വെളിപ്പെടുത്താൻ വിസമ്മതിച്ച ഭരണകക്ഷിയായ ബിജെപിയുടെ മൂന്ന് വക്താക്കൾ, സ്വവർഗ വിവാഹത്തോടുള്ള പാർട്ടിയുടെ എതിർപ്പ് സർക്കാരിന്റേത് പോലെ തന്നെ തുടരുമെന്നും എന്നാൽ വിഷയത്തിൽ സുപ്രീം കോടതിയുടെ വിധിയെ പാർട്ടി മാനിക്കുമെന്നും പറഞ്ഞിരുന്നു.സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള തങ്ങളുടെ നിലപാടിൽ മാറ്റമുണ്ടോ എന്നസുപ്രീം കോടതിയുടെ ചോദ്യത്തോട് മോദിയുടെ ഓഫീസും ഫെഡറൽ നിയമ മന്ത്രാലയവും പ്രതികരിച്ചിട്ടില്ല. പ്രതികരണമറിയിക്കാൻ ജനുവരി 6 വരെ സർക്കാരിന് സുപ്രീം കോടതി സമയം അനുവദിച്ചിട്ടുണ്ട്.

“സുപ്രീം കോടതി കേസ് ഏറ്റെടുക്കുന്നതോടെ, വിവാഹ സമത്വത്തിന്റെ പ്രശ്നം വേഗത്തിൽ തീരുമാനിക്കപ്പെടാൻ സാധ്യതയുണ്ട്,” ഇന്ത്യയുടെ സെന്റർ ഫോർ ലോ & പോളിസി റിസർച്ചിന്റെ സഹസ്ഥാപകയായ ലിംഗ-നിയമ വിദഗ്ധയായ ജെയ്ന കോത്താരി പറഞ്ഞു.

“സമീപ ഭാവിയിൽ സ്വവർഗ വിവാഹത്തെക്കുറിച്ചുള്ള തീരുമാനം അനിവാര്യമാണ്. അതൊരു നാഴികക്കല്ലായിരിക്കും.”-ഇന്ത്യയിലെ മുൻ അറ്റോർണി ജനറൽമാരിൽ ഒരാളും, സ്വവർഗാനുരാഗിയാണെന്ന് സമ്മതിച്ച സൗരഭ് കിർപാൽ എന്ന മറ്റൊരു അഭിഭാഷകനും ഉൾപ്പെടെയുള്ള ഉന്നത അഭിഭാഷകരാണ് ദമ്പതികളെ പിന്തുണയ്ക്കുന്നത്. കഴിഞ്ഞ മാസം ഒരു അഭിമുഖത്തിൽ മോദി സർക്കാർ താൻ സ്വവര്ഗാനുരാഗിയായതിനാൽ സംസ്ഥാന ജഡ്ജിയായി ഉയർത്തുന്നത് വൈകുന്നുവെന്ന്അദ്ദേഹം ആരോപിച്ചു. ആ പരാമർശങ്ങളെക്കുറിച്ച് പ്രതികരിക്കാനുള്ള കിർപാലിന്റെ അഭ്യർത്ഥനയോട് മോദിയുടെ ഓഫീസ് പ്രതികരിച്ചിട്ടില്ല.

Related Articles

Latest Articles