Sunday, May 5, 2024
spot_img

ആ കാൽക്കൽ അനുഗ്രഹം തേടിയ ശേഷമാണ് താൻ കേന്ദ്രമന്ത്രിയായത്: ശബ്‍ദം ഇടറി കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ

തിരുവനന്തപുരം: മുൻ വിദേശകാര്യ മന്ത്രിയും ബി.ജെ.പിയുടെ തലമുതിർന്ന നേതാക്കളിൽ ഒരാളുമായിരുന്ന സുഷമ സ്വരാജിന്റെ മരണത്തിലുള്ള തന്റെ അഗാധമായ ദുഃഖം അറിയിച്ച് നിലവിലെ വിദേശകാര്യ സഹമന്ത്രി വി.മുരളീധരൻ. തന്നെ സംബന്ധിച്ചിടത്തോളം ഏറ്റവും അവിശ്വസനീയമായ വാർത്തയാണിതെന്നും ദീർഘകാലമായുള്ള ബന്ധമാണ് തനിക്ക് സുഷമ ജിയുമായി ഉണ്ടായിരുന്നതെന്നും കേന്ദ്രമന്ത്രി വി മുരളീധരൻ അറിയിച്ചു.

ഇടറിയ ശബ്ദത്തോടെയാണ് വി.മുരളീധരൻ സംസാരിച്ചത്. കേന്ദ്ര സർക്കാരിൽ താൻ മന്ത്രിയായി ചുമതലയെടുത്തത് സുഷമ സ്വരാജിന്റെ അനുഗ്രഹം തേടിയ ശേഷം ആയിരുന്നുവെന്നും മുരളീധരൻ ഓർമ്മിച്ചു. ആ സമയത്ത് തനിക്ക് എല്ലാ തരത്തിലുമുള്ള പിന്തുണയും സുഷമ സ്വരാജ് തനിക്ക് നൽകിയിരുന്നുവെന്നും മുരളീധരൻ പറഞ്ഞു.

എന്ത് ആവശ്യമുണ്ടെങ്കിലും എന്ത് സംശയമുണ്ടെങ്കിലും നേരിട്ട് വരണമെന്ന് ഒരു ജ്യേഷ്ഠ സഹോദരിയുടെ സ്ഥാനത്തുനിന്ന് തന്നോട് പറഞ്ഞിരുന്നു. തിരുവനന്തപുരത്ത് വരുമ്പോൾ പരിപാടി ഇല്ലെങ്കിൽ പോലും എയർപോർട്ട് വഴി പോകുമ്പോൾ വരണം എന്ന് പറയാറുണ്ട്. അത്രയുമധികം സ്നേഹത്തോടെ പെരുമാറിയിരുന്നു. തന്നെ സംബന്ധിച്ചിടത്തോളം മുൻ വിദേശകാര്യമന്ത്രി എന്നതിലുപരി വ്യക്തിപരമായ ബന്ധത്തിന്റെയും അടുപ്പത്തിന്റെയും അടിസ്ഥാനത്തിൽ മാത്രമേ തനിക്കിപ്പോൾ അവരെക്കുറിച്ച് ഓർക്കാൻ കഴിയുകയുള്ളുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ചൊവ്വാഴ്ച രാത്രിയാണ് ബിജെപി മുതിർന്ന നേതാവും മുൻ വി​ദേശകാര്യ മന്ത്രിയുമായ സുഷമ സ്വരാജ് വിടപറഞ്ഞത്. 67 വയസ്സായിരുന്നു. ​ഹൃദയാഘാതെ തുടർന്ന് സുഷമ സ്വരാജിനെ ദില്ലി എയിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുറച്ച് നാളായി ആരോഗ്യ നില തൃപ്തികരമല്ലായിരുന്നു. 2016ൽ സുഷമ വൃക്കമാറ്റൽ ശസ്ത്രക്രിയയ്ക്ക് വിധേയയായിരുന്നു. 2019-ലെ തെരഞ്ഞെടുപ്പിൽ അനാരോഗ്യം കാരണം സുഷമ വിട്ടുനില്‍ക്കുകയായിരുന്നു.

Related Articles

Latest Articles