Sunday, June 2, 2024
spot_img

സിദ്ധാർത്ഥന് മർദനമേറ്റ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർത്ഥികൾക്കും സസ്‌പെൻഷൻ !നടപടി മർദന വിവരം അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച വരുത്തിയതിനാൽ

വൈത്തിരി : എസ്എഫ്ഐയുടെ ആൾക്കൂട്ട വിചാരണയ്ക്കും ക്രൂര പീഡനത്തിനുമിരയായി പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർത്ഥി സിദ്ധാർത്ഥൻ കൊല്ലപ്പെട്ട സംഭവത്തിൽ സിദ്ധാർത്ഥന് മർദനമേറ്റ ഹോസ്റ്റലിലെ മുഴുവൻ വിദ്യാർഥികളെയും സസ്പെൻഡ് ചെയ്തു. സിദ്ധാർഥന് മർദനമേൽക്കുമ്പോൾ ഹോസ്റ്റലിലുണ്ടായിരുന്ന വിദ്യാർത്ഥികളെയാണ് ഒരാഴ്ചത്തേക്ക് സസ്പെൻഡ് ചെയ്തത്. മർദന വിവരം അധികൃതരെ അറിയിക്കുന്നതിൽ വീഴ്ച് വരുത്തിയതിനാണ് നടപടി. തിങ്കളാഴ്ച മുതൽ സസ്പെൻഷൻ നിലവിൽ വരും.

അതിക്രമത്തില്‍ ഇതേ ഹോസ്റ്റലിലെ 31 വിദ്യാര്‍ഥികള്‍ ഉള്‍പ്പെട്ടതായി ആന്റി റാഗിങ് സ്ക്വാഡ് അന്വേഷണ റിപ്പോര്‍ട്ടുണ്ടായിരുന്നു. സിദ്ധാര്‍ഥനെ മര്‍ദിച്ച 19 പേരെ നേരത്തേ കോളജില്‍നിന്നും ഹോസ്റ്റലില്‍നിന്നും പുറത്താക്കി പഠനവിലക്ക് ഏർപ്പെടുത്തിയതിനാൽ ഇവര്‍ക്കു 3 വര്‍ഷത്തേക്ക് രാജ്യത്തെ ഒരു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും മറ്റൊരു കോഴ്സിനും ചേരാനാകില്ല. പോലീസിന്റെ പ്രതിപ്പട്ടികയിലെ 18 പ്രതികൾക്കും ഇതിന് പുറമെ മറ്റൊരു വിദ്യാർത്ഥിക്കുമാണ് പഠന വിലക്ക് ഏർപ്പെടുത്തിയത്. ക്യാംപസിലേക്കു തിരിച്ചെത്താന്‍ സിദ്ധാര്‍ഥനോട് ആവശ്യപ്പെടുകയും പ്രധാന പ്രതികളുടെ നിര്‍ദേശമനുസരിച്ചു സിദ്ധാര്‍ഥനെ മര്‍ദിക്കുകയും ചെയ്തതുള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചെയ്ത 10 വിദ്യാര്‍ഥികളെയും പുറത്താക്കി. ഇവര്‍ക്ക് ഒരു വര്‍ഷത്തേക്കു പരീക്ഷയെഴുതാനാകില്ല. ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് സിദ്ധാര്‍ഥന്‍ ആവശ്യപ്പെട്ടിട്ടും അതിന് മുതിരാതിരുന്ന 2 പേരെ ഹോസ്റ്റലില്‍നിന്നു പുറത്താക്കി. ഇവര്‍ക്ക് ഇന്റേണല്‍ പരീക്ഷ എഴുതാനാകില്ല. ആകെ 130 വിദ്യാർഥികളാണ് ഹോസ്റ്റലിലുണ്ടായിരുന്നത്.

Related Articles

Latest Articles